
ടെഹ്റാൻ: ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, യുഎസുമായി ചർച്ച നടത്തില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി. ഇറാനെതിരായ ഇസ്രയേലിൻ്റെ കുറ്റകൃത്യങ്ങളിൽ യുഎസ് പങ്കാളിയായതിനാൽ അവരുമായി ചർച്ച നടത്തില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചി പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് നയതന്ത്രത്തിലേക്ക് തിരിച്ചുവരവ് നടത്തുക എന്ന ലക്ഷ്യത്തോടെ യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ വെള്ളിയാഴ്ച ജനീവയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്കിയുമായി കൂടിക്കാഴ്ച നടത്തും. ഇറാനെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ പങ്കുചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ രണ്ടാഴ്ചത്തെ സമയപരിധി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ചതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം പുറത്തുവിട്ടത്. ഇറാനെ ആക്രമിക്കണോ വേണ്ടയോ എന്ന് യുഎസ് പ്രസിഡന്റ് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.