ഇറാനിയൻ പതാകയുമായി ജനം ടെഹ്റാനിലേക്ക് ഒഴുകിയെത്തി, ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്ക് അത്രമേൽ വൈകാരിക വിടവാങ്ങൽ

ടെഹ്‌റാൻ: ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ഏകദേശം 60 പേർക്ക്, ഉന്നത സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ശവസംസ്കാര ചടങ്ങുകൾ നടന്നു. ഇറാനിയൻ പതാകകളിൽ പൊതിഞ്ഞ ശവപ്പെട്ടികളുമായി നടന്ന വിലാപയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ആയിരക്കണക്കിന് ജനങ്ങൾ, യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ സെൻട്രൽ ടെഹ്‌റാനിൽ ഒത്തുചേർന്നു. മരിച്ചവരുടെ യൂണിഫോമിലുള്ള ചിത്രങ്ങളും ഉയർത്തിപ്പിടിച്ച ജനത തങ്ങളുടെ ദുഃഖവും സ്നേഹവും പ്രകടിപ്പിച്ചു.

വൈകാരികമായ ഈ ശവസംസ്കാര ചടങ്ങ് ഇറാന്റെ ദേശീയ ഐക്യത്തിന്റെയും പ്രതിരോധ മനോഭാവത്തിന്റെയും പ്രതീകമായി മാറി. ജനങ്ങൾ ഇറാനിയൻ പതാകകൾ വീശി, രാജ്യത്തിനായി പോരാടി മരിച്ചരുടെ ധീരതയെ വാഴ്ത്തി. “ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് വിനാശകരമായ മറുപടി ഉണ്ടാകും” എന്നും അവർ വിളിച്ചുപറ‌ഞ്ഞു. ടെഹ്‌റാനിലെ തെരുവുകളിൽ ഒഴുകിയെത്തിയ ജനക്കൂട്ടം, മരിച്ചവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യവും രാജ്യത്തിന്റെ ശക്തമായ തിരിച്ചുവരവിനുള്ള പ്രതിജ്ഞയും ചൊല്ലി. ഇറാന്റെ ദുഃഖത്തോടൊപ്പം, യുദ്ധത്തിന്റെ ഭീകരതയ്ക്കെതിരെയുള്ള ജനങ്ങളുടെ ഒത്തൊരുമയുടെ പ്രകടനം കൂടിയായിരുന്നു അത്.

ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാനിൽ 600-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ ഇറാന്റെ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സിന്റെ മേധാവി മേജർ ജനറൽ ഹുസൈൻ സലാമി, സൈനിക മേധാവി ജനറൽ മുഹമ്മദ് ബാഖിരി, ആണവ ശാസ്ത്രജ്ഞരായ മുഹമ്മദ് മഹ്ദി തെഹ്‌റാൻശി, ഫരീദൂൻ അബ്ബാസി തുടങ്ങിയവർ ഉൾപ്പെടുന്നു. ഇറാന്റെ ആണവ പദ്ധതികൾക്കും സൈനിക ശേഷിക്കും വലിയ തിരിച്ചടിയാണ് ഈ ആക്രമണങ്ങളിലൂടെ ലഭിച്ചതെന്നാണ് വിലയിരുത്തൽ. നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ തുടങ്ങിയ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ വ്യോമാക്രമണങ്ങൾ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരുത്തിയതായി യു എൻ ആണവോർജ ഏജൻസി വെളിപ്പെടുത്തി. എന്നാൽ ഇത് ഇറാൻ തള്ളിയിരുന്നു.