
ടെൽഅവീവ്/ ടെഹ്‌റാൻ: പശ്ചിമേഷ്യയുടെ ആകാശമാകെ തീ പടർത്തിക്കൊണ്ട് ഇസ്രയേൽ-ഇറാൻ യുദ്ധം കനക്കുന്നു. ഞായറാഴ്ച മധ്യ, വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ അഞ്ച് യുക്രൈൻ സ്വദേശികളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 200-ലേറെപ്പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ ആകെ മരണം 13 ആയി.
ഷഹ്റാനിലെ ഇറാൻ്റെ എണ്ണ സംഭരണശാല കത്തി. ഇറാന്റെ പ്രതിരോധമന്ത്രാലയ ആസ്ഥാനം ലക്ഷ്യമിട്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇറാനിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാൻ റവലൂഷനറി ഗാർഡ് കോർ ഇന്റലിജൻസ് മേധാവി മുഹമ്മദ് കസേമിയും രണ്ട് ഉപമേധാവികളും കൊല്ലപ്പെട്ടതായി നെതന്യാഹു അവകാശപ്പെട്ടു. ഇറാൻ ആക്രമണത്തിൽ ഇസ്രയേലിലെ ബാത്ത് യാമിൽ 61 കെട്ടിടങ്ങൾ തകർന്നു. 35 പേരെ കാണാതായി. ഇറാൻ്റെ മിസൈലുകൾ ടെൽ അവീവ് ലക്ഷ്യമാക്കി വരുന്നുണ്ടെന്നും തങ്ങളെ അതിനെ പ്രതിരോധിക്കുകയാണെന്നും ഐഡിഎഫ് വ്യക്തിമാക്കി. ഇസ്രയേലിൽ നിരന്തരം സൈറനുകൾ മുഴങ്ങുന്ന ശബ്ദമാണെന്നും അന്തരീക്ഷത്തിൽ പുകച്ചുരുളുകളും കുതിച്ചുപായുന്ന ആംബുലൻസുകളും എവിടെയും കാണാമെന്നും ബിബിസി ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു.
Iran – Israel war escalates













