
ടെഹ്‌റാൻ: ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളെ പരിഹസിച്ചും ഇനി ആക്രമണമുണ്ടായാൽ ഇതിലും ശക്തമായ തിരിച്ചടി നൽകുമെന്നും പ്രഖ്യാപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷ തേടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സഹായം തേടി ഓടുകയായിരുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി പരിഹസിച്ചു. “ഡാഡിയുടെ അടുത്തേക്ക് ഓടിപ്പോയി” എന്നായിരുന്നു ഇസ്രയേലിനെതിരായ അരാഗ്ചിയുടെ പരിഹാസം. ഇസ്രയേലിന് മറ്റ് വഴികളില്ലാതെ അമേരിക്കയെ ആശ്രയിക്കേണ്ട ഗതികേടാണ് ഉണ്ടായതെന്നും അദ്ദേഹം സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു.
ഇസ്രയേൽ തുടർന്നും പ്രകോപനം നടത്തിയാൽ വെടിനിർത്തൽ തീരുമാനം മറന്ന് ഇറാൻ തന്റെ യഥാർഥ ശക്തി പ്രകടിപ്പിക്കാൻ മടിക്കില്ലെന്ന് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഇറാന്റെ പ്രതികരണ ശേഷിയെ വാഴ്ത്തിക്കൊണ്ട്, രാജ്യം യുദ്ധത്തിൽ തന്റെ സൈനിക ശക്തിയും ദൃഢനിശ്ചയവും തെളിയിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ, രാജ്യത്തിന്റെ പരമാധികാരവും പ്രതിരോധ ശേഷിയും ഉയർത്തിക്കാട്ടുന്നതായിരുന്നുവെന്ന് അദ്ദേഹം ‘എക്സി’ൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
അതേസമയം ഇസ്രയേലിനെതിരായ യുദ്ധത്തിൽ ഇറാൻ വിജയം നേടിയെന്ന് കഴിഞ്ഞ ദിവസം ഇറാൻ പരമോന്നത നേതാവ് അവകാശപ്പെട്ടിരുന്നു. വെടിനിർത്തൽ നിലവിൽ വന്നശേഷം രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്യവെയാണ് ഖമനയി, യുദ്ധത്തിൽ വിജയം അവകാശപ്പെട്ടത്. ഒരു വീഡിയോ സന്ദേശത്തിലൂടെ കഴിഞ്ഞ ദിവസം ഇറാൻ ജനതയെ അഭിസംബോധന ചെയ്യവെയാണ് പരമോന്നത നേതാവ് യുദ്ധത്തിൽ വിജയിച്ചുവെന്ന് പറഞ്ഞത്. ഇസ്രയേലിനൊപ്പം അമേരിക്കയുടെയും മുഖത്തേറ്റ കനത്ത അടിയാണ് ഇറാൻ നൽകിയതെന്നും ഖമനയി അവകാശപ്പെട്ടിരുന്നു. ഇസ്രയേൽ തകർക്കപ്പെടുമെന്ന ഘട്ടത്തിലാണ് അമേരിക്ക ഇടപെട്ടതെന്നും അവർക്കും ഒന്നും നേടാൻ കഴിഞ്ഞില്ലെന്നും വീഡിയോ സന്ദേശത്തിൽ ഖമനയി വിവരിച്ചിരുന്നു. ഖത്തറിലെ അമേരിക്കൻ സൈനികതാവളം ആക്രമിച്ചതിലൂടെ, ഇറാനെ ആക്രമിച്ചതിനുള്ള ശിക്ഷ നൽകാനായെന്നു ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇനിയും ആക്രമണത്തിന് മുതിർന്നാൽ വലിയ തിരിച്ചടി നൽകുമെന്നും ഖമനയി വ്യക്തമാക്കിയിട്ടുണ്ട്.