
ദുബായ്: ഇറാനുമായി ഉടനടി വെടിനിര്‍ത്തലിലേക്കെത്താൻ ഇസ്രയേലില്‍ തന്റെ സ്വാധീനം ഉപയോഗിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നീക്കം. ഇറാൻ തങ്ങളുടെ ഈ ആവശ്യം ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ എന്നിവയെ അറിയിച്ചിട്ടുണ്ട്. വെടിനിര്‍ത്തലിലേക്ക് കടന്നാല്‍ പകരമായി ആണവ ചര്‍ച്ചകളില്‍ ഇറാന്‍ വഴങ്ങുമെന്നാണ് ചില ഇറാനിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞത്.
ദീര്‍ഘകാല ശത്രുക്കളായ ഇസ്രായേലും ഇറാനും തമ്മിലുള്ള എക്കാലത്തെയും വലിയ ഏറ്റുമുട്ടാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സംഘര്‍ഷം നിയന്ത്രണാതീതമാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വെടിനിര്‍ത്തലിന് സമ്മതിക്കാനും ആണവ കരാറിനായി ഇറാനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഉന്നത നേതാക്കള്‍ അമേരിക്കയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഗള്‍ഫ് വൃത്തങ്ങള്‍ പറഞ്ഞു. ആണവ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ ഇറാന്‍ ഖത്തറുമായും ഒമാനുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇസ്രായേലുമായി ആദ്യം വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നാണ് ഇറാന്‍ നിര്‍ബന്ധിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മാത്രമല്ല, ആക്രമണത്തിനിരയാകുമ്പോള്‍ ചര്‍ച്ച നടത്തില്ലെന്നും ഇസ്രായേലി ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയതിനുശേഷം മാത്രമേ ഗൗരവമേറിയ ചര്‍ച്ചകള്‍ ആരംഭിക്കൂ എന്നും ഇറാന്‍ ഒമാനോടും ഖത്തറിനോടും വ്യക്തമാക്കി.