
ടെഹ്റാന്‍ : ഇറാനെ സമ്മര്‍ദ്ദത്തിലാക്കി ആണവ കരാറില്‍ ഒപ്പുവെപ്പിക്കാമെന്ന അമേരിക്കയുടെ മോഹത്തിന് തിരിച്ചടി. യുഎസുമായി ഒരു ചര്‍ച്ചയും നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ആണവ കരാര്‍ വിഷയത്തില്‍ ഇറാനുമായി യുഎസ് പ്രതിനിധികള്‍ അടുത്ത ആഴ്ച ചര്‍ച്ച നടത്തുമെന്ന് വ്യാഴാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളിയ അബ്ബാസ് അരാഗ്ചി യുഎസിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണോ ചര്‍ച്ചയെന്ന് വിലയിരുത്തുകയാണെന്നും വ്യക്തമാക്കി. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഇറാനും യുഎസും തമ്മില്‍ ആറാംഘട്ട ചര്‍ച്ച ഈ മാസം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ പിന്മാറുകയായിരുന്നു. അമേരിക്കക്കാരില്‍നിന്ന് തങ്ങള്‍ക്ക് പ്രയാസകരമായ അനുഭവമാണുണ്ടായതെന്നും ചര്‍ച്ചകള്‍ക്കിടെ അവര്‍ വഞ്ചിച്ചുവെന്നും ഈ അനുഭവം തങ്ങളുടെ ഭാവി തീരുമാനങ്ങളെയും ബാധിക്കുമെന്നും അബ്ബാസ് അരാഗ്ചി കൂട്ടിച്ചേര്‍ത്തു.














