തട്ടിക്കൊണ്ടുപോകലും മനുഷ്യക്കടത്തും വര്‍ധിച്ചു ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് വീസ ഇളവ് നിര്‍ത്തലാക്കി ഇറാന്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന വീസ ഇളവ് നിര്‍ത്തലാക്കുകയാണെന്ന് ഇറാന്റെ പ്രഖ്യാപനം. സാധാരണ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വീസയില്ലാതെ രാജ്യം സന്ദര്‍ശിക്കാന്‍ നല്‍കിയിരുന്ന അനുമതിയാണ് ഇറാന്‍ റദ്ദാക്കിയിരിക്കുന്നത്. ഈ മാസം 22 മുതല്‍ ഇറാനില്‍ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിനും സാധാരണ പാസ്പോര്‍ട്ടുള്ള എല്ലാ ഇന്ത്യന്‍ യാത്രക്കാരും മുന്‍കൂട്ടി വീസ എടുക്കേണ്ടിവരുമെന്ന് സാരം. മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകല്‍ കേസുകളും വര്‍ധിച്ച സാഹചര്യത്തിലാണ് ഇറാന്റെ കടുത്ത തീരുമാനം.

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ലഭ്യമായിരുന്ന വീസ ഇളവ് ദുരുപയോഗം ചെയ്ത് വ്യക്തികളെ കബളിപ്പിച്ച് ഇറാനിലേക്ക് എത്തിക്കുന്നതായും പിന്നീട് അവരില്‍ പലരെയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നതായും വിവരം ലഭിച്ചിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ വീസ ഇളവ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഉദ്ദേശിച്ചാണ് നടപടി. ഇറാന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കാനും വീസ രഹിത യാത്രയോ ഇറാന്‍ വഴി മൂന്നാം രാജ്യങ്ങളിലേക്കുള്ള തുടര്‍യാത്രയോ വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരെ ഒഴിവാക്കാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ രാജ്യം സന്ദര്‍ശിക്കാനുള്ള പദ്ധതി 2024 ഫെബ്രുവരി 4 മുതലാണ് ഇറാന്‍ നടപ്പിലാക്കിയത്. ഇന്ത്യക്കു പുറമെ യുഎഇ, സൗദി അറേബ്യ, ഇന്തൊനീഷ്യ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവയുള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് വീസയില്ലാതെ രാജ്യം സന്ദര്‍ശിക്കാനുള്ള പദ്ധതി ഇറാന്‍ പ്രഖ്യാപിച്ചത്.

Iran suspends visa waiver for Indian citizens.

More Stories from this section

family-dental
witywide