
ടെഹ്റാൻ: സംഘർഷത്തിന്‍റെ അഞ്ചാം നാളിൽ ഇറാനും ഇസ്രയേലും തമ്മിൽ രൂക്ഷ ആക്രമണം തുടരുന്നു. ഇസ്രയേലിന്‍റെ ആക്രമണത്തിൽ ഇറാന്‍റെ ആണവകേന്ദ്രത്തിനടക്കം തകരാറുണ്ടായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ ഇസ്രയേലിലെ മൊസാദ് ആസ്ഥാനത്ത് ഇറാൻ ശക്തമായ ആക്രമണം നടത്തിയിരുന്നു. അതിനിടെ ഇറാനിലെ മുഖ്യ ആണവകേന്ദ്രമായ നതാൻസിന് കേടുപാട് പറ്റിയതായി രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിന്‍റെ ആദ്യ ആക്രമണത്തിലാണ് ആണ് നതാൻസ് ആണവ കേന്ദ്രത്തിന് കേട് പറ്റിയതെന്നാണ് ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനിലെ മറ്റു രണ്ടു പ്രധാന ആണവ കേന്ദ്രങ്ങളായ ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലും നാശനഷ്ടമുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ഇതിനിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കെതിരെ ഭീഷണി മുഴക്കി ഇസ്രയേൽ രംഗത്തെത്തി. യുദ്ധാനന്തരം അമേരിക്ക വധശിക്ഷ നടപ്പിാക്കിയ ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന് സമാനമായ വിധിയായിരിക്കും ഖമനയിക്കുണ്ടാകുകയെന്നാണ് ഇസ്രയേലിന്‍റെ ഭീഷണി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സാണ് ഭീഷണി മുഴക്കിയത്. ടെല്‍ അവീവില്‍ ഉന്നത ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കവെയായിരുന്നു ഈ ഭീഷണി. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ യുഎസ് സൈന്യം പിടികൂടുകയും പിന്നീട് തൂക്കിലേറ്റുകയുമായിരുന്നു. ആയത്തുല്ല ഖമനയിയെ കൊലപ്പെടുത്തിയാൽ യുദ്ധം തീരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പുതിയ ഭീഷണി. എന്നാൽ ഖമനയിയും കുടുംബവും സുരക്ഷിത ബങ്കറിലേക്കു മാറിയതായാണ് സൂചന.
അതിനിടെ ഇറാനുമേലുള്ള ആകാശത്ത് ഇപ്പോൾ പൂർണ്ണമായ നിയന്ത്രണമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. യുഎസ് സൈന്യം നിലവിലെ സംഘർഷങ്ങളിൽ നേരിട്ടുള്ള ഇടപെടൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇറാനുമേലുള്ള ആകാശത്ത് ഇപ്പോൾ പൂർണ്ണമായ നിയന്ത്രണമുണ്ടെന്നാണ് ട്രംപിന്‍റെ അവകാശവാദം. എന്നാല്‍, പ്രസ്താവനയിലെ ‘നമ്മൾ’ എന്നത് ആരെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമല്ല.ഇറാന് നല്ല ആകാശ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ധാരാളമുണ്ടായിരുന്നു, പക്ഷേ അത് അമേരിക്കൻ നിർമ്മിതവും, വിഭാവനം ചെയ്തതും, നിർമ്മിച്ചതുമായ വസ്തുക്കളുമായി താരതമ്യം ചെയ്യാനാവില്ലെന്നും ട്രംപ് കുറിച്ചു.













