
ന്യൂഡല്‍ഹി: അയര്‍ലണ്ടില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ അടുത്തിടെ നടന്ന ആക്രമണ സംഭവങ്ങളില്‍ ന്യൂഡല്‍ഹിയിലെ അയര്‍ലന്‍ഡ് എംബസി ദുഃഖം പ്രകടിപ്പിച്ചു. ‘ഈ ആക്രമണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. അയര്‍ലന്‍ഡ് വിലമതിക്കുന്ന സമത്വത്തിന്റെയും മാനുഷിക അന്തസ്സിന്റെയും മൂല്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണിത്’ – എംബസി ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ, വംശീയതയ്ക്കും വിദേശീയര്‍ക്കെതിരായ വിദ്വേഷത്തിനും ഐറിഷ് സമൂഹത്തില്‍ സ്ഥാനമില്ലെന്നും ചുരുക്കം ചിലരുടെ പ്രവര്‍ത്തനങ്ങള്‍ ഐറിഷ് ജനതയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും എംബസി വ്യക്തമാക്കി.
നിലവില്‍ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്നുണ്ട്.
തങ്ങളുടെ രാജ്യത്ത് ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവന വളരെ വലുതാണെന്നും എംബസി എടുത്തുപറഞ്ഞു. ‘ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഇപ്പോള്‍ അയര്‍ലണ്ടിനെ സ്വന്തം വീടായി കണക്കാക്കുന്നു. അയര്‍ലണ്ടില്‍ താമസിക്കുന്ന ജനങ്ങളുടെ വൈവിധ്യത്താല്‍, പ്രത്യേകിച്ച് നമ്മുടെ ഇന്ത്യന്‍ സമൂഹത്താല്‍ നമ്മുടെ സമൂഹം സമ്പന്നമാണ്, അവരുടെ സംഭാവനകള്‍ നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നു.’- എംബസി പറയുന്നു.
ഐറിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഓഗസ്റ്റ് 11 ന് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും എംബസി അറിയിച്ചു.