കേരളം കൂട്ട ആത്മഹത്യകളുടെ തലസ്ഥാനമോ? കുഞ്ഞുങ്ങൾ എന്തു തെറ്റു ചെയ്തു? ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല

കേരളം ആത്മഹത്യകളുടെ സ്വന്തം നാടായി മാറുകയാണോ? കഴിഞ്ഞ പത്തു വർഷത്തെ സ്റ്റേറ്റ് ക്രൈം റോക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ ആത്മഹത്യകൾ ഞെട്ടിക്കുന്ന തോതിലാണ്. സ്വയം ജീവനൊടുക്കാൻ ചിലർ തീരുമാനിക്കുന്നത് മാത്രമല്ല, കുടുംബം മുഴുവനുമായോ കുഞ്ഞുങ്ങളെ കൂടി ഉൾപ്പെടുത്തിയോ സ്വയം മരണത്തെ വരിക്കുന്നവരുടെ എണ്ണം കേരളത്തിൽ കൂടിയിരിക്കുകയാണ്.

ഭർത്താവും ഭാര്യയും കുഞ്ഞുങ്ങളുംകൂടി ഒന്നിച്ചുള്ള കൂട്ടമരണങ്ങൾ ഇന്ന് പത്രമാധ്യമങ്ങളിൽ ചിത്രമടക്കം ഒരു സെൻസേഷണൽ വാർത്തയായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഒരു ഹൈക്കോടതി അഭിഭാഷകയും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ ഒരു സ്ത്രീ രണ്ടു കുഞ്ഞുങ്ങളേയും കൂട്ടി പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.ഏതാണ്ട് ഒരു മാസം മുമ്പ് സമാനമായി ഷൈനി എന്ന വീട്ടമ്മ തന്റെ രണ്ടു മക്കളുമായി തീവണ്ടിക്കു മുന്നിൽ ചാടി മരിച്ചു. രണ്ടു സംഭവും കോട്ടയം ജില്ലയിലാണ്.

അതല്ലാതെ. കുടുംബമായി കൂട്ടത്തോടെ ആത്മഹത്യ ചെയ്ചവരും ആത്മഹത്യ ശ്രമം പരാജയപ്പെട്ട് കുടുംബത്തിലെ ചിലർ മാത്രം ബാക്കിയായവരും നിത്യേന എന്നവണ്ണം കേരളത്തിലെ മാധ്യമങ്ങളിൽ വാർത്തയായി നിറയുന്നുണ്ട്. ഇതിനെല്ലാം പലവിധ കാരണങ്ങളുണ്ടാവാം. എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ ഫലമായി ഒന്നുമറിയാത്ത കുട്ടികളുടെ ജീവൻ നഷ്ടപ്പെടുത്തുന്നത് കൊലപാതകകുറ്റമാണ്, അക്ഷന്തവ്യമായ തെറ്റാണ്. കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ സ്വകാര്യ സ്വത്തല്ല, അവരോട് എങ്ങനെ വേണമെങ്കിലും പെരുമാറാമെന്ന തെറ്റിധാരണയും വേണ്ട. കുഞ്ഞുങ്ങൾ ഈ സമൂഹത്തിന്റെ സ്വത്താണ്. താനില്ലെങ്കിൽ കുഞ്ഞുങ്ങളുടെ ജീവിതം ഇല്ലാതായി പോകും എന്ന ചിന്ത ഒരു വ്യക്തിക്കും വേണ്ട. ഈ സമൂഹത്തിൽ വളർന്ന് വലിയ വലിയ വ്യക്തിത്വങ്ങളായി തീരേണ്ടവരെ മുളയിലേ നുള്ളിക്കളയാൻ ഒരവകാശവും ഒരു അച്ഛനും അമ്മക്കുമില്ല എന്നോർക്കണം.

ആത്മഹത്യാനിരക്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗണ്യമായ ഈ വർദ്ധന കേരളത്തിന്റെ സാമ്പത്തിക സാമൂഹിക ആരോഗ്യ മേഖലകളിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് കാണാതിരുന്നുകൂട.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി മാറ്റങ്ങൾ കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം, ഗൾഫിൽനിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികൾ, കൃഷിനാശം, കോവിഡ് മൂലം കച്ചവടം തകർന്നുപോയ ബിസ്നസുകാർ, യുവജനങ്ങളുടെ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, ലോക്ഡൗണിന് ശേഷം കൗമാരപ്രായക്കാർക്ക് സംഭവിച്ചിട്ടുള്ള സ്വഭാവ വ്യതിയാനങ്ങൾ, അന്ധമായ പാശ്ചാത്യ അനുകരണം, സാംസ്കാരിക ജീർണ്ണത, ആത്മഹത്യയെ അനുകൂലിക്കുന്ന സിനിമകൾ, സീരിയലുകൾ, വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ എന്നിവയെല്ലാം മലയാളിയുടെ മാനസിക പ്രതിരോധശക്തി തകർത്ത് പ്രതിസന്ധികളെ അതിജീവിക്കാൻ കഴിവില്ലാത്തവരായി തീർക്കുന്നു.

ടോക്സിക് റിലേഷന്‍ഷിപ്പുകള്‍, പ്രണയ നൈരാശ്യം, ബ്ലാക്ക്മെയ്​ലിങ്, പ്രണയ തിരസ്കരണം തുടങ്ങിയവ കാരണം വലിയൊരു ശതമാനം ആളുകള്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നതായും പഠനങ്ങൾ നിരീക്ഷിക്കുന്നു.

അതികഠിനമായ വൈകാരിക പ്രതിസന്ധികളിൽ അകപ്പെടുമ്പോഴോ ഒരിഞ്ചുപോലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന ഉറച്ച വിശ്വാസം ചിന്തകളെ ഗ്രസിക്കുമ്പോഴോ ആവാം ആത്മഹത്യയെന്ന മാർഗം സ്വീകരിക്കുക. ഇത്തരം സാഹചര്യത്തിൽ ആവശ്യമായ കൌൺസലിങ് സഹായം തേടുക. കേരളത്തിൽ എല്ലായിടത്തും ഇപ്പോൾ അത് ലഭ്യമാണ്.

വിദ്യാസമ്പന്നരും സുഖലോലുപതയിൽ കഴിയുന്നവരു പ്രശസ്തരും വരെ ആത്മഹത്യയുടെ പാത തെരഞ്ഞെടുക്കുമ്പോൾ സമൂഹം പലപ്പോഴും അതിന്റെ കാരണങ്ങൾ തേടാറുണ്ട്. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ സംഭവിക്കുന്ന പ്രതിസന്ധികളാകാം പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. എന്നാൽ സമാന അവസ്ഥകളിലൂടെ കടന്നുപോകുന്ന എല്ലാവരും മരണത്തിന്റെ വഴിതേടുന്നില്ല എന്നോർക്കണം.

സർക്കാർ ഭാഗത്തുനിന്ന് ആവശ്യമായ സഹായങ്ങൾ നൽകുന്ന നിരവധി സ്ഥാപനങ്ങളും സേവനങ്ങളുമുണ്ട്. ഉറ്റവരോട് തുറന്നു പറയാൻ കഴിയില്ല എങ്കിൽ സൈക്കോളജിസ്റ്റുകളുടെ സഹായം തേടുക. ജീവിതം അവസാനിപ്പിക്കുന്നവർ ഒന്നോർക്കുക, നഷ്ടം നിങ്ങളുടേതു മാത്രമാണ്. ഒളിച്ചോടുകയല്ല, ജീവിതത്തെ കരുത്തോടെ അഭിമുഖീകരിക്കുകയാണ് വേണ്ടത്.

Is Kerala the suicide capital of India

More Stories from this section

family-dental
witywide