
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവും ഇന്ത്യയുമായുള്ള സംഘര്‍ഷവും സംബന്ധിച്ച് നടത്തിയ അനൗപചാരിക ചര്‍ച്ചയില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പാകിസ്ഥാനെ ശക്തമായി വിമര്‍ശിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം നടന്ന പഹല്‍ഗാം ആക്രമണത്തില്‍ 25 വിനോദസഞ്ചാരികളെയും ഒരു കശ്മീരി പോണി റൈഡ് ഓപ്പറേറ്ററെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയിബയുടെ പങ്കിനെക്കുറിച്ച് അംഗ രാജ്യങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. പാക്കിസ്ഥാനെ വിമര്‍ശിക്കുകയും ചെയ്തു. ആക്രമണത്തില്‍ പങ്കില്ലെന്ന് കാണിക്കാനും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാനും കഠിനമായി ശ്രമിച്ച പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി നീക്കത്തിലൂടെ വിഷയം പരിഹരിക്കാനായിരുന്നു ഇസ്ലാമാബാദിനോട് മറ്റ് അംഗരാജ്യങ്ങള്‍ നിര്‍ദേശിച്ചത്. പാകിസ്ഥാന്റെ സമീപകാല മിസൈല്‍ പരീക്ഷണങ്ങളിലും അവര്‍ ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുമായുള്ള സംഘര്‍ഷം കണക്കിലെടുത്ത് ചര്‍ച്ച നടത്തണമെന്ന് കൗണ്‍സിലിലെ 10 സ്ഥിരമല്ലാത്ത അംഗങ്ങളില്‍ ഒന്നായ പാകിസ്ഥാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിലുള്ള ഗ്രീക്ക് പ്രസിഡന്‍സിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു യോഗം.













