
വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ കിടക്കുമ്പോള്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അശ്ലീല ഉള്ളടക്കമുള്ള കത്ത് അയച്ചെന്ന റിപ്പോര്‍ട്ടില്‍ വിവാദം കനക്കുന്നു. വാര്‍ത്ത പുറത്തുവിട്ട വാള്‍ സ്ട്രീറ്റ് ജേണലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ട്രംപ്. 10 ബില്യണ്‍ ഡോളര്‍ അഥവാ 1000 കോടിയാണ് നഷ്ടപരിഹാരമായി ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. വാള്‍ സ്ട്രീറ്റ് ജേണല്‍ ഉടമ റൂപേര്‍ട്ട് മര്‍ഡോക്ക് മറ്റ് രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ ട്രംപ് കേസ് ഫയല്‍ ചെയ്തത്.
വാര്‍ത്തയും കേസും ചര്‍ച്ചയാകുന്നതോടെ ലൈംഗിക കുറ്റവാളിയെന്ന് വിധിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധം വീണ്ടും വലിയ വിവാദങ്ങളാണ് സൃഷ്ടിക്കുന്നത്. 2003ല്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് അയച്ച പിറന്നാള്‍ ആശംസാ കാര്‍ഡില്‍ ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ അയച്ചെന്നതാണ് ട്രംപിനെ കുരുക്കുന്നത്. എപ്സ്റ്റീന്റെ മുന്‍ പങ്കാളിയായ ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ തന്റെ 50-ാം ജന്മദിനത്തിനായി തയ്യാറാക്കിയ ‘ജന്മദിന ആല്‍ബത്തിന്റെ’ ഭാഗമായിരുന്നു ഈ കത്ത്. ട്രംപിന്റെ പേരിലുള്ള കത്തില്‍ ഒരു നഗ്‌നയായ സ്ത്രീയുടെ ചിത്രം കൈകൊണ്ട് വരച്ചിരുന്നുവെന്നും ട്രംപിന്റെ ഒപ്പും ഉണ്ടായിരുന്നുവെന്നും വാള്‍ സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ ആ കത്തില്‍ തങ്ങളുടെ രഹസ്യം എന്നും അങ്ങനെത്തന്നെയിരിക്കട്ടെയെന്നും ട്രംപ് കുറിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. “ജന്മദിനാശംസകൾ – എല്ലാ ദിവസവും മറ്റൊരു അത്ഭുതകരമായ രഹസ്യമാകട്ടെ” എന്ന കുറിപ്പോടെയാണ് കത്ത് അവസാനിച്ചത്.
വര്‍ഷങ്ങളോളം എപ്സ്റ്റീനുമായി സൗഹൃദത്തിലായിരുന്നുവെന്ന് ട്രംപ് തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം, ട്രംപ് കത്ത് എഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് നിഷേധിക്കുന്നു.
കേസ് നല്‍കിയതിന് ശേഷം ‘പവര്‍ഹൗസ്’ കേസ് നല്‍കിയെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. ‘തെറ്റായതും, അപകീര്‍ത്തിപ്പെടുത്തുന്നതുമായ വാര്‍ത്ത നല്‍കിയ എല്ലാവര്‍ക്കുമെതിരെ ‘പവര്‍ഹൗസ്’ കേസ് നല്‍കി. ഈ കേസില്‍ റൂപേര്‍ട്ടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മണിക്കൂറുകള്‍ മൊഴി നല്‍കേണ്ടി വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, അദ്ദേഹം പറഞ്ഞു. ‘ഇതൊരു വ്യാജ കാര്യമാണ്. വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന ഒരു വ്യാജ കഥയാണിത്… എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ഒരു ചിത്രം വരച്ചിട്ടില്ല. ഞാന്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ വരയ്ക്കാറില്ല… അത് എന്റെ ഭാഷയല്ല. ‘ഇത് എന്റെ വാക്കുകളല്ല,’ – ട്രംപ് സ്വയം രക്ഷാ കവചം തീര്‍ത്തു.
വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ആല്‍ബത്തില്‍ ‘ബിസിനസ്സുകാര്‍, അക്കാദമിക് വിദഗ്ധര്‍, എപ്സ്റ്റീന്റെ മുന്‍ കാമുകിമാര്‍, ബാല്യകാല സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നുള്ള കവിതകള്‍, ഫോട്ടോകള്‍, ആശംസകള്‍’ എന്നിവ ഉള്‍പ്പെടുന്നു. കത്തുകള്‍ എഴുതിയവരില്‍ വിക്ടോറിയ സീക്രട്ടിന്റെ ദീര്‍ഘകാല നേതാവും കോടീശ്വരനുമായ ലെസ്ലി വെക്സ്നറും അഭിഭാഷകനായ അലന്‍ ഡെര്‍ഷോവിറ്റ്സും ഉള്‍പ്പെടുന്നു.
ജെഫ്രി എപ്സീന്‍
യുഎസിലെ നിക്ഷേപ ബാങ്കറായ ജെഫ്രി എപ്സീന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 2019ലാണ് അറസ്റ്റിലായത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനം മാത്രമല്ല, മനുഷ്യക്കടത്ത് ആരോപണങ്ങളും ഇയാള്‍ നേരിട്ടിരുന്നു. ഈ കേസുകളില്‍ ആഗോള തലത്തില്‍ പ്രശസ്തരായ പല വ്യക്തികളുടെയും പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ട്രംപ് ഉള്‍പ്പെടെ പലരും എപ്സ്റ്റീനുമായി അടുപ്പമുണ്ടെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. ജയിലില്‍ കഴിയുന്നതിനിടെ എപ്സ്റ്റീന്‍ ജീവനൊടുക്കുകയും ചെയ്തു. ഇലോണ്‍ മസ്‌കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ഉടക്കിനിടയിലാണ് എപ്‌സ്റ്റീന്‍ ഫയല്‍സ് ചര്‍ച്ചയായത്.
സമൂഹത്തിലെ ഉന്നതങ്ങളിലെ സ്വാധീനം മൂലം പല സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചു. 2005ല്‍ ഫ്‌ലോറിഡയിലെ പാം ബീച്ചിലാണ് എപ്‌സ്റ്റീനെതിരെ ആദ്യം കേസ് അന്വേഷണം നടത്തിയത്. പതിനാലുകാരിയായ പെണ്‍കുട്ടിയെ എപ്സ്റ്റീന്‍ പീഡിപ്പിച്ചുവെന്ന് ഒരു രക്ഷിതാവ് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ എപ്സ്റ്റീന്‍ 36 പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലായിരുന്നു.
എപ്സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധം
1990 കളിലും 2000ത്തിന്റെ തുടക്കത്തിലും, മാക്സ്വെല്ലും പ്രഥമ വനിത മെലാനിയ ട്രംപും ഉള്‍പ്പെടുന്ന സാമൂഹിക പരിപാടികളില്‍ ട്രംപും എപ്സ്റ്റീനും പലപ്പോഴും ഒരുമിച്ച് ഫോട്ടോ എടുത്തിരുന്നു. പ്രസിഡന്റ് ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ പാര്‍ട്ടി നടത്തുന്നത് എന്‍ബിസി ആര്‍ക്കൈവുകളില്‍ 1992 ലെ ദൃശ്യങ്ങളിലുമുണ്ട്.
എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റിന്റെ ഫ്‌ലൈറ്റ് ലോഗുകളില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിനൊപ്പം ട്രംപിന്റെയും പേരുകള്‍ നിരവധി തവണ പ്രത്യക്ഷപ്പെട്ടിരുന്നു.
2002-ല്‍ ന്യൂയോര്‍ക്ക് മാഗസിന്‍ എപ്സ്റ്റീന്റെ പ്രൊഫൈലില്‍, ട്രംപ് ഇങ്ങനെ പറഞ്ഞതായി വ്യക്തമാക്കുന്നത് ആരോപണം കടുപ്പിക്കുന്നുണ്ട്, ‘എനിക്ക് ജെഫിനെ 15 വര്‍ഷമായി അറിയാം. അതിശയകരമായ വ്യക്തി… അദ്ദേഹത്തോടൊപ്പം ആയിരിക്കുന്നത് വളരെ രസകരമാണ്. എന്നെപ്പോലെ തന്നെ സുന്ദരികളായ സ്ത്രീകളെയും അദ്ദേഹം ഇഷ്ടപ്പെടുന്നുവെന്നും അവരില്‍ പലരും ചെറുപ്പക്കാരാണെന്നും പറയപ്പെടുന്നു. സംശയമില്ല – ജെഫ്രി തന്റെ സാമൂഹിക ജീവിതം ആസ്വദിക്കുന്നു.’
2019ല്‍ എപ്സ്റ്റീന്റെ അറസ്റ്റിനുശേഷം, ഏകദേശം 15 വര്‍ഷമായി താന്‍ അയാളുമായി സംസാരിച്ചിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. ‘പാം ബീച്ചിലുള്ള എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാവുന്നതുപോലെ എനിക്കും അദ്ദേഹത്തെ അറിയാമായിരുന്നു… ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായിരുന്നില്ല, എന്നായിരുന്നു ട്രംപ് അന്ന് ഓവല്‍ ഓഫീസില്‍വെച്ച് പറഞ്ഞത്.