‘എന്ത് നീതി?’; നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്കെതിരെ രൂക്ഷ വിമർശനവുമായി പാർവതി തിരുവോത്ത്, ‘എന്നും അതിജീവിതക്കൊപ്പം’

കൊച്ചി: നടി ആക്രമണക്കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച പാർവതി “ഇതാണോ നീതി?” എന്ന് ചോദിച്ചു. “അവൾ പോരാടിയത് തനിക്കുവേണ്ടി മാത്രമല്ല, കേരളത്തിലെ ഓരോ സ്ത്രീയ്ക്കുവേണ്ടിയാണ്. അവളുടെ പോരാട്ടം കേരളത്തിലെ സ്ത്രീകൾക്ക് മാറ്റം വരുത്തി” എന്നും അവർ കുറിച്ചു. “അവൾക്കൊപ്പം എന്നെന്നും” എന്ന വാക്കുകളും പാർവതി പോസ്റ്റ് ചെയ്തു. ‘എന്താണ് നീതി? ഇപ്പോൾ വളരെ ക്രൂരമായി, ശ്രദ്ധയോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥയ്ക്ക് പരിസമാപ്തിവന്നത് ഞങ്ങൾ നോക്കി നിൽക്കുകയാണ്’’ എന്നും പാർവതി കുറിച്ചു.

പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയെങ്കിലും എട്ടാം പ്രതി ദിലീപിനെ ഗൂഢാലോചന കുറ്റത്തിൽ നിന്ന് ഒഴിവാക്കിയതാണ് പാർവതിയെ ചൊടിപ്പിച്ചത്. “ശ്രദ്ധയോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥയ്ക്ക് ക്രൂരമായ പരിസമാപ്തി കാണുകയാണ് ഞങ്ങൾ” എന്ന് അവർ വേദനയോടെ കുറിച്ചു. വിധി വരുന്നതിന് മുൻപ് തന്നെ “ദൈവം ഉണ്ടെങ്കിൽ ഇന്ന് തെളിയിക്കണം, മനുഷ്യത്വത്തിന്റെ പേരിലെങ്കിലും” എന്നും പാർവതി എഴുതിയിരുന്നു.

എട്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധി പ്രസ്താവിച്ചു. ഒന്നു മുതൽ ആറു വരെ പ്രതികൾക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ഇവരുടെ ശിക്ഷ ഡിസംബർ 12-ന് പ്രഖ്യാപിക്കും. എന്നാൽ ദിലീപിനെതിരായ ഗൂഢാലോചനയും ക്വട്ടേഷൻ നൽകലും തെളിയിക്കപ്പെട്ടില്ലെന്ന് കോടതി വിലയിരുത്തി.

അതിജീവിതയ്ക്കൊപ്പം നിലകൊണ്ടതിന്റെ പേരിൽ കരിയറിൽ വലിയ വില നൽകേണ്ടി വന്നിട്ടും പാർവതി പിന്മാറിയില്ല. റിമ കല്ലിങ്കൽ, രമ്യ കൃഷ്ണൻ തുടങ്ങിയ നടിമാരും അതിജീവിതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. വിധി പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ #JusticeForSurvivor എന്ന ഹാഷ്‌ടാഗ് വീണ്ടും ട്രെൻഡിങ് ആയി.

More Stories from this section

family-dental
witywide