
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ്ലാം ആണെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ട്. 2010 നും 2020 നും ഇടയിലെ 10 വര്‍ഷത്തിനുള്ളില്‍ മുസ്ലീം ജനസംഖ്യ 347 ദശലക്ഷം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, വേഗത്തില്‍ വളരുന്ന രണ്ടാമത്തെ മതം ക്രിസ്തുമതമാണ്, തൊട്ടുപിന്നാലെ ‘നോണ്‍സ് (മതം ഇല്ലാത്തവര്‍)’ ആണ്. അതേസമയം, ജൂണ്‍ 9 ന് പ്രസിദ്ധീകരിച്ച പ്യൂവിന്റെ ‘ഗ്ലോബല്‍ റിലീജിയസ് ലാന്‍ഡ്സ്‌കേപ്പ്’ റിപ്പോര്‍ട്ട് പ്രകാരം ലോക ജനസംഖ്യയില്‍ ഹിന്ദുക്കള്‍ നാലാം സ്ഥാനത്താണ്.
മുസ്ലീങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് മറ്റ് എല്ലാ മതങ്ങളെയും അപേക്ഷിച്ച് കൂടുതലാണെന്നും ആഗോളതലത്തില്‍ മുസ്ലീം ജനസംഖ്യയുടെ 1.8 ശതമാനം വര്‍ദ്ധിച്ച് 25.6 ശതമാനമായെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്രിസ്ത്യാനികളുടെ എണ്ണം 122 ദശലക്ഷം വര്‍ദ്ധിച്ച് 2.3 ബില്യണിലെത്തി. യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ക്രിസ്തുമതത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ജനസംഖ്യാ വളര്‍ച്ച ആഗോള മത ഭൂപ്രകൃതിയെ എങ്ങനെ സ്വാധീനിച്ചുവെന്ന് വെളിപ്പെടുത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍, ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൂതന്മാര്‍, മറ്റ് മതങ്ങളില്‍ പെട്ടവര്‍, മതപരമായി ബന്ധമില്ലാത്തവര്‍ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണിത്.
അതേസമയം, മതപരമായി ബന്ധമില്ലാത്ത ആളുകളുടെ എണ്ണം 270 ദശലക്ഷം വര്‍ദ്ധിച്ച് 1.9 ബില്യണായി. ലോകജനസംഖ്യയില്‍ ‘നോണ്‍സ്’ എന്ന വിഭാഗം 24.2 ശതമാനമായി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മതത്തിന്റെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഹിന്ദുക്കളുടെ എണ്ണം 126 ദശലക്ഷം വര്‍ദ്ധിച്ച് 1.2 ബില്യണിലെത്തി.