ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും; ബന്ദി മോചനം ഉടന്‍, മഹത്തായ ദിനമെന്ന് ട്രംപ്

കെയ്‌റോ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്നും ഇത് അംഗീകരിക്കുന്ന കരാറില്‍ ഒപ്പുവെച്ചെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ‘ചരിത്രപരവും അഭൂതപൂര്‍വവുമായ സംഭവം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇസ്രായേലും ഹമാസും അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഔദ്യോഗികമായി ഒപ്പുവെച്ചതായി ട്രംപ് ബുധനാഴ്ച പറഞ്ഞു. ‘നമ്മുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇസ്രായേലും ഹമാസും ഒപ്പുവച്ചതായി പ്രഖ്യാപിക്കുന്നതില്‍ എനിക്ക് വളരെ അഭിമാനമുണ്ട്,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയതിന്റെ രണ്ടാം വാര്‍ഷികത്തിനു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.

റിപ്പോർട്ട് പ്രകാരം, കരാറിന്റെ ആദ്യ ഘട്ടത്തിൽ, ഒരു നിശ്ചിത എണ്ണം പലസ്തീൻ തടവുകാരെ നൽകുന്നതിന് പകരമായി ഹമാസ് തടവിലാക്കിയിരിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും, ഗാസയിൽ നിന്ന് ഇസ്രായേൽ ഘട്ടംഘട്ടമായി പിൻവാങ്ങുകയും ചെയ്യും. വെടിനിര്‍ത്തല്‍ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിന്റെ പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകന്‍ ജറീദ് കഷ്‌നര്‍ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്തിലെത്തും. ഈ ആഴ്ച ഈജിപ്ത് സന്ദര്‍ശിച്ചേക്കുമെന്ന് ട്രംപും അറിയിച്ചിട്ടുണ്ട്. ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവരുടെ മധ്യസ്ഥ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് എല്ലാ കക്ഷികളോടും നീതിപൂർവ്വം പെരുമാറുമെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന തീവ്രമായ ചർച്ചകൾക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

‘ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഇനിനര്‍ഥം എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും. ശക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇസ്രയേല്‍ അവരുടെ സൈന്യത്തെ, ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയയിലേക്കു പിന്‍വലിക്കും. എല്ലാ കക്ഷികളോടും നീതിപൂര്‍വ്വം പെരുമാറും! അറബ്, മുസ്‌ലിം ലോകത്തിനും ഇസ്രയേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കന്‍ ഐക്യനാടുകള്‍ക്കും ഇത് ഒരു മഹത്തായ ദിവസമാണ്. ചരിത്രപരവും അഭൂതപൂര്‍വവുമായ ഈ സംഭവം യാഥാര്‍ഥ്യമാക്കാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മധ്യസ്ഥര്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. സമാധാന സ്ഥാപകര്‍ അനുഗ്രഹീതരാണ്!’ ട്രംപ് കുറിച്ചു.

More Stories from this section

family-dental
witywide