ഇസ്രയേലും ഇറാനും ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കൾ, സംഘർഷം രൂക്ഷമാകുന്നതിൽ കടുത്ത ആശങ്കയെന്ന് ഇന്ത്യ; ‘ചർച്ചകളിലൂടെ സമാധാനത്തിലെത്തണം’

ഡൽഹി: ഇറാനും ഇസ്രയേലും തമ്മിൽ യുദ്ധ സമാന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തി. സംഘർഷം രൂക്ഷമാകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, ഇരു രാജ്യങ്ങളും ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇറാനും ഇസ്രയേലും ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളാണെന്നും ഇനിയും സംഘർഷം നീട്ടിക്കൊണ്ടുപോകരുതെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ആണവ കേന്ദ്രങ്ങളിലടക്കമുള്ള ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സംഘർഷം രൂക്ഷമാക്കുന്ന നടപടികൾ പാടില്ലെന്നും ചർച്ചയ്ക്കുള്ള സാധ്യത തേടണമെന്നും ഇന്ത്യ നിർദ്ദേശിച്ചു. രണ്ടു രാജ്യങ്ങളുമായും അടുത്ത സുഹൃദ് ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. അതിനാൽ പ്രശ്നപരിഹാരത്തിന് എന്ത് പിന്തുണയും നൽകാൻ തയ്യാറാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഇറാനിലെ ഇന്ത്യക്കാർ തത്ക്കാലം താമസസ്ഥലത്തു നിന്നും പുറത്തു പോകുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശമുണ്ട്. ഇസ്രയേലിലുളള ഇന്ത്യക്കാർ പ്രാദേശിക ഭരണകൂടത്തിൻറെ മുന്നറിയിപ്പുകൾ പാലിക്കണം എന്നും വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വിശദീകരിക്കുന്നു. ടെഹ്റാനിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ പൗരന്മാർക്കുള്ള മുന്നറിയിപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജകും ജാഗ്രത പാലിക്കണമെന്നാണ് പ്രധാന നിർദേശം. എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുകയും പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കണമെന്നും ഈ അറിയിപ്പിൽ എംബസി വിശദീകരിക്കുന്നു.