ഗാസയെ ചോരക്കളമാക്കി ഇസ്രയേൽ; ഒറ്റരാത്രി കൊണ്ട് ഇസ്രയേല്‍ കൊലപ്പെടുത്തിയത് 91 പേരെ, കൂട്ടപ്പാലയാനം ചെയ്ത് ആയിരക്കണക്കിനാളുകൾ

ഗാസ: ഇസ്രയേലിന്റെ കരയാക്രമണത്തില്‍ ചോരക്കളമായി ഗാസ.  കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ മാത്രം ഗാസ സിറ്റിയില്‍ കൊല്ലപ്പെട്ടത് 91 പേരാണ്. ഗാസ സിറ്റിയില്‍ നിന്ന്  ആയിരക്കണക്കിനാളുകള്‍ കൂട്ടപ്പാലായനം ചെയ്തു. രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണത്തിൽ ഒരിക്കലും തിരിച്ച് വരാനാകാത്ത രീതിയിലാണ്  ആളുകള്‍ പലായനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

ആളുകൾ കഴുതപ്പുറത്തും വാഹനങ്ങളിലും തങ്ങളുടെ അവശ്യ സാധനങ്ങളുമായി പലായനം ചെയ്യുന്ന  ചിത്രം അന്താരാഷ്ട്ര തലത്തില്‍ പ്രചരിക്കുന്നുണ്ട്. ഗാസ സിറ്റി ഏറ്റെടുക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ച ആദ്യ നാളുകളില്‍ ഗാസ സിറ്റിയില്‍ തന്നെ തങ്ങാന്‍ നിരവധിപ്പേര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ബോംബാക്രമണത്തിലൂടെ കൂടുതല്‍ പേരും തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസം മാത്രം ഗാസ സിറ്റിയില്‍ നിന്ന് ഏകദേശം 3,50,000 പേര്‍ പലായനം ചെയ്തതായി ഇസ്രയേല്‍ സൈന്യം പറയുന്നു. എന്നാല്‍ 3,50,000 പേരെ ഗാസ സിറ്റിയുടെ മധ്യ, പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചെന്നും 1,90,000 പേര്‍ പലായനം ചെയ്‌തെന്നുമാണ് ഗാസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് പറയുന്നത്. പലായനം ചെയ്തെത്തുന്ന ക്യാമ്പുകളിലും താമസിക്കാന്‍ കഴിയാത്ത രീതിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയാണ്.
അതേസമയം, ഇസ്രയേല്‍ കരയാക്രമണത്തെക്കുറിച്ച് ‘ഗാസ കത്തുന്നു’വെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് പ്രതികരിച്ചത്.

Also Read