ഗാസാ മുനമ്പിലേക്ക് ഭക്ഷണപ്പൊതികളുമായി വന്ന ഗ്രെറ്റ ത്യുന്‍ബെയുടെ കപ്പല്‍ ഇസ്രയേൽ തടഞ്ഞു

ടെല്‍ അവീവ്: ഗാസാ മുനമ്പിലേക്ക് അവശ്യവസ്തുക്കളുമായി എത്തിയ ഗ്രെറ്റ ത്യുന്‍ബെയുടെ കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍ സൈന്യം. ഗ്രെറ്റ ത്യുന്‍ബെ ഉള്‍പ്പെടെ 12 സന്നദ്ധപ്രവര്‍ത്തകരെയും കപ്പലില്‍ തടഞ്ഞുവെച്ചിട്ടുണ്ട്. കപ്പല്‍ ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തു. മദ്ലീന്‍ എന്ന കപ്പലാണ് ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റയേയും മറ്റ് സന്നദ്ധപ്രവര്‍ത്തകരേയും തിരിച്ചയയ്ക്കുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഗ്രെറ്റയെ കൂടാതെ കപ്പലില്‍ ഉള്ള മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ ഇവരാണ്: റിമ ഹസ്സന്‍, യാസെമിന്‍ അകാര്‍(ജര്‍മനി), ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ (ഫ്രാന്‍സ്), തിയാഗോ അവില (ബ്രസീല്‍), ഒമര്‍ ഫൈയാദ് (ഫ്രാന്‍സ്), പാസ്‌കല്‍ മൗറീറാസ് (ഫ്രാന്‍സ്), യാനിസ് (ഫ്രാന്‍സ്), സുയൈബ് ഒര്‍ദു (തുര്‍ക്കി), സെര്‍ജിയോ ടൊറിബിയോ (സ്പെയിന്‍), മാര്‍ക്കോ വാന്‍ റെന്നിസ് (നെതര്‍ലന്‍ഡ്), റെവ വിയാഡ് (ഫ്രാന്‍സ്). ഇവര്‍ക്കൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് താരവും അയര്‍ലന്‍ഡുകാരനുമായ ലിയാം കണ്ണിങ്ഹാമുംകപ്പലിലുണ്ട്.

കപ്പല്‍ ഗാസയില്‍ എത്താതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന് (ഐഡിഎഫ്) പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്സ് നിര്‍ദേശം നല്‍കിയിരുന്നു. പലസ്തീന്‍ പ്രദേശത്തെ നാവിക ഉപരോധം മറികടക്കാന്‍ ഇസ്രയേല്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണ്‍ ഒന്നാം തീയതിയാണ് കപ്പല്‍ ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്തുനിന്ന് ഗാസ ലക്ഷ്യമാക്കി പുറപ്പെട്ടത്. ഫ്രീഡം ഫ്ലോട്ടില്ല കൊയിലിഷന്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഇത്.

പഴച്ചാറുകള്‍, പാല്‍, അരി, ടിന്നിലടച്ച ഭക്ഷണപദാര്‍ഥങ്ങള്‍, പ്രോട്ടീന്‍ ബാറുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത് എന്നാണ് വിവരം. ഇത് രണ്ടാംവട്ടമാണ് ഗാസയിലേക്ക് സഹായമെത്തിക്കാന്‍ ഫ്രീഡം ഫ്ലോട്ടില്ല കൊയിലിഷന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ആദ്യത്തെ ശ്രമം. അന്ന് മാള്‍ട്ടാ തീരത്തുകൂടി നീങ്ങവേ കപ്പലില്‍ ഡ്രോണ്‍ പതിച്ചു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നായിരുന്നു സംഘത്തിന്റെ ആരോപണം. അന്ന് കപ്പലിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Israel blocks Greta Thunberg’s ship to Gaza

More Stories from this section

family-dental
witywide