
ബെയ്‌റൂട്ട്: ബെയ്‌റൂട്ടില്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ച് ഇസ്രയേല്‍. ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയിയാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ പ്രബലകേന്ദ്രമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആക്രമണം വന്‍ നാശനഷ്ടത്തിനു കാരണമായെന്നും ലബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ നാഷനല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഹിസ്ബുല്ലയുടെ ആയുധ ശേഖരം മെച്ചപ്പെടുത്താനും സംഘടനാബലം ശക്തിപ്പെടുത്താനും ചുമതലയുള്ളയാളാണ് കൊല്ലപ്പെട്ട തബാതബയി. യുഎസിന്റെ മധ്യസ്ഥതയില്‍ ഒരുവര്‍ഷം മുന്‍പ് ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് ലബനന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി.
Israel kills senior Hezbollah leader.















