
ടെൽ അവീവ്: ലെബനൻ്റെ തെക്കൻ മേഖലയിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ പുനർനിർമിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികൾ സംഭരിച്ചിരുന്ന സ്ഥലത്തിനു നേർക്കായിരുന്നു ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
മരിച്ചയാൾ സിറിയൻ പൗരനാണെന്നും പരിക്കേറ്റവരിൽ ഒരു സിറിയക്കാരനും ആറ് ലൈബനൻകാരുമുണ്ടെന്നും ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ നിരവധി വാഹനങ്ങൾ നശിച്ചതുൾപ്പെടെ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. യുഎസിന്റെ മധ്യസ്ഥതയെ തുടർന്ന് കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു പതിനാലുമാസമായി നീണ്ടുനിന്നിരുന്ന ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധം അവസാനിച്ചത്.