
ഇസ്രയേൽ-പലസ്തീൻ വെടിനിർത്തൽ ധാരണയുടെ ഭാഗമായി ജനപ്രിയ പലസ്തീൻ നേതാവ് മർവാൻ ബർഗൂത്തിയെ മോചിപ്പിക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസ് ദീർഘകാലമായി ആവശ്യപ്പെടുന്ന മറ്റു പ്രമുഖ തടവുകാരുടെ മോചനവും ഇസ്രയേൽ നിരസിച്ചു. ഇസ്രയേൽ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഏകദേശം 250 തടവുകാരുടെ പട്ടിക അന്തിമമാണോ എന്ന കാര്യത്തിൽ വ്യക്തത വരാത്തതായി അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ഹമാസ് മുതിർന്ന ഉദ്യോഗസ്ഥൻ മൂസ അബു മർസൂഖ് അൽ ജസീറ ടിവി നെറ്റ്‌വർക്കിനോട് പറഞ്ഞതനുസരിച്ച്, ബർഗൂത്തിയുടെയും മറ്റു പ്രമുഖരുടെയും മോചനത്തിനായി ഹമാസ് മധ്യസ്ഥരുമായി ചർച്ചകൾ തുടരുകയാണ്.
2004-ൽ ഇസ്രയേലിൽ അഞ്ച് പേരുടെ മരണത്തിന് കാരണമായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ബർഗൂത്തി നിലവിൽ ഒന്നിലധികം ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. ഇസ്രയേൽ അദ്ദേഹത്തെ ഒരു ഭീകര നേതാവായി കണക്കാക്കുമ്പോൾ, പലസ്തീൻകാർ അദ്ദേഹത്തെ ശക്തനായ നേതാവും പ്രചോദകനുമായി കാണുന്നു. അധിനിവേശത്തിനെതിരെ സായുധ പ്രതിരോധത്തെ പിന്തുണച്ചെങ്കിലും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ വക്താവായ ബർഗൂത്തിയെ ചിലർ നെൽസൺ മണ്ടേലയോട് ഉപമിക്കുന്നു. അദ്ദേഹത്തിന്റെ ജനപ്രീതിയും സ്വാധീനവും ഇസ്രയേലിനെ ഭയപ്പെടുത്തുന്നുവെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ ധാരണ പ്രകാരം, ഇസ്രയേൽ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കും. തിങ്കളാഴ്ചയോടെ ഹമാസ് ജീവിച്ചിരിക്കുന്ന ഏകദേശം 20 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കും. ഇതിനു പകരമായി, ഇസ്രയേൽ ഏകദേശം 250 പലസ്തീനി തടവുകാരെയും, കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഗാസയിൽ നിന്ന് കുറ്റം ചുമത്താതെ തടങ്കലിൽ വച്ചിരുന്ന 1,700-ൽ അധികം പേരെയും മോചിപ്പിക്കും. എന്നാൽ, ബർഗൂത്തി ഉൾപ്പെടെയുള്ള പ്രമുഖരുടെ മോചനം സംബന്ധിച്ച് ഇരു വിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്.