
ടെൽ അവീവ്: ഗാസയിലെ മുൻ ഹമാസ് നേതാവ് യഹിയ സിൻവാറിന്‍റെ മൃതദേഹം കത്തിച്ച് സംസ്കരിക്കാൻ സുരക്ഷാ കാബിനറ്റിനോട് നിർദേശിച്ചതായി ഇസ്രായേലി ഗതാഗത മന്ത്രി മിരി റെഗേവ് പറഞ്ഞു. ഇസ്രായേലി വെബ്സൈറ്റായ കോൾ ബരാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റെഗേവ് ഇത് വെളിപ്പെടുത്തിയത്. അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെ അമേരിക്കക്കാർ കത്തിച്ചതുപോലെ, യഹിയ സിൻവാറിന്‍റെ മൃതദേഹവും കത്തിക്കാൻ കാബിനറ്റിൽ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
“മിഡിൽ ഈസ്റ്റിലും ഈ പ്രദേശത്തും നടക്കുന്ന സംഭവങ്ങൾ നമുക്ക് അറിയാം. സിൻവാറിന്റെ മൃതദേഹം അടക്കം ചെയ്യാൻ തിരികെ നൽകില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ഒക്ടോബർ 16-ന് ഇസ്രായേലി സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിലാണ് യഹിയ സിൻവാറിനെ കൊല്ലുന്നത്. കഴിഞ്ഞ ആഴ്ച, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‍റെ മധ്യസ്ഥതയിൽ ഗാസയിൽ വെടിനിർത്തൽ നടപ്പാക്കിയതിന് ശേഷം, സിൻവാറിന്റെ മൃതദേഹത്തിനടുത്ത് ഇസ്രായേലി സൈനിക കമാൻഡർമാർ നിൽക്കുന്ന പുതിയ ഫോട്ടോകൾ ഇസ്രായേൽ പുറത്തുവിട്ടിരുന്നു.
ഹമാസിന്‍റെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളായിരുന്നു സിൻവാർ. 2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ പ്രധാന സൂത്രധാരണം സിൻവാറിന്റെ കൈയിലായിരുന്നു. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ ഈ വർഷം ഇറാനിലെ ടെഹ്റാൻലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോഴാണ് സിൻവാറിനെ പിൻഗാമിയായി നേതൃപദവിയിൽ നിയോഗിച്ചത്.
ഗാസയെ കേന്ദ്രമാക്കിയാണ് സിൻവാർ പ്രവർത്തിച്ചിരുന്നത്. ‘തിന്മയുടെ മുഖം’ എന്ന് ഇസ്രായേൽ വിശേഷിപ്പിക്കുന്ന സിൻവാർ 22 വർഷം ഇസ്രായേൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടിച്ചെടുത്ത ഇസ്രായേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ മോചിപ്പിക്കാൻ പലസ്തീനി തടവുകാരെ വിട്ടയക്കണമെന്ന ഉടമ്പടിയുടെ ഭാഗമായി 2011-ൽ സിൻവാർ ജയിൽമോചിതനായി. 2015-ൽ യഹിയയെ അമേരിക്ക ലോകത്തിലെ ഭീകരന്മാരുടെ ലിസ്റ്റിൽ ചേർത്തു.
റഫയിലാണ് ഇസ്രായേൽ സൈന്യം സിൻവാറിനെ വധിച്ചത്. പിന്നാലെ, യഹിയയുടെ അവസാന നിമിഷങ്ങളാണെന്ന് അവകാശപ്പെടുന്ന ഡ്രോൺ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. കെട്ടിടത്തിന്റെ തകർച്ചാവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ ഇരിക്കുന്നതും, അയാൾ അകത്തേക്ക് നീങ്ങുമ്പോൾ ഡ്രോണിന് നേരെ ഒരു വസ്തു എറിയുന്നതുമായിരുന്നു വീഡിയോയിൽ കാണിച്ചത്. പിന്നീട് മൃതദേഹത്തിന്റെ ഫോട്ടോകളും പുറത്തുവിട്ടു.















