
ടെൽ അവീവ്: പട്ടിണി രൂക്ഷമായ ഗാസയിലെ ജനവാസമുള്ള മൂന്ന് പ്രദേശങ്ങളിലെ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ. രൂക്ഷമായ പട്ടിണി പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് സൈന്യം അറിയിച്ചു. ദിവസവും 10 മണിക്കൂർ പോരാട്ടം നിർത്തിവെക്കുമെന്നും ദുരിതത്തിലായ പലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിനായി സുരക്ഷിത പാതകൾ തുറക്കുമെന്നും ഇസ്രയേൽ ഞായറാഴ്ച അറിയിച്ചു.
ഗാസ സിറ്റി, ദെയ്ർ അൽ-ബല, മുവാസി എന്നീ മൂന്ന് പ്രദേശങ്ങളിലായിരിക്കും ഇളവ്. ഞായറാഴ്‌ച (ജൂലൈ 27, 2025) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ദിവസവും പ്രാദേശിക സമയം രാവിലെ 10 മണി മുതൽ രാത്രി എട്ട് മണി വരെ (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30 മുതൽ രാത്രി 10:30 വരെ) സൈനിക നടപടികൾ നിർത്തിവെക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.
ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നില്ലെന്ന് ഇസ്രയേൽ സൈന്യം നേരത്തേ പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ആഴ്ചകളിൽ ഇവിടെയെല്ലാം ആക്രമണങ്ങൾ നടന്നിരുന്നു. അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനമാണ് 21 മാസമായി യുദ്ധം ചെയ്യുന്ന ഇസ്രയേലിന് എതിരെ ഉയരുന്നത്. സമീപ ദിവസങ്ങളിൽ ഗാസയിൽ നിന്ന് പുറത്തുവന്ന മെലിഞ്ഞുണങ്ങിയ കുട്ടികളുടെ ചിത്രങ്ങൾ ഇസ്രയേലിനെതിരെ ആഗോളതലത്തിൽ വിമർശനത്തിന് കാരണമായതിന് പിന്നാലെയാണ് പുതിയ തീരുമാനം.