
ഗാസ സിറ്റി : ഇസ്രായേലിന്റെ നിബന്ധനകള്‍ ഹമാസ് അംഗീകരിച്ചില്ലെങ്കില്‍ ഗാസ നഗരം നശിപ്പിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍ പ്രതിരോധ മന്ത്രി. ഗാസയില്‍ ആക്രമണം രൂക്ഷമാക്കുമെന്ന സൂചനകൂടിയാണ് മന്ത്രി ഇസ്രായേല്‍ കാറ്റ്സിന്റെ പ്രസ്താവനയിലുള്ളത്.
ഗാസ നഗരം പിടിച്ചെടുക്കാന്‍ സൈന്യത്തിന് അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ ഭീഷണി എത്തിയിരിക്കുന്നത്.
ഹമാസിന്റെ തലയ്ക്ക് മുകളില്‍ നരകത്തിന്റെ എല്ലാ വാതിലുകളും തുറക്കും’ എന്നും ഇസ്രായേല്‍ കാറ്റ്സ് മുന്നറിയിപ്പ് നല്‍കി. ഗാസയിലെ ഹമാസിലെ കൊലയാളികളുടെയും ബലാത്സംഗക്കാരുടെയും തലയ്ക്ക് മുകളില്‍ നരകത്തിന്റെ വാതിലുകള്‍ ഉടന്‍ തുറക്കും – യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇസ്രായേലിന്റെ വ്യവസ്ഥകള്‍ അവര്‍ അംഗീകരിക്കുന്നതുവരെ,’ കാറ്റ്സ് എക്സിലെ ഒരു പോസ്റ്റില്‍ എഴുതി.
എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന ഇസ്രായേലിന്റെ വെടിനിര്‍ത്തല്‍ ആവശ്യങ്ങളും ഹമാസിന്റെ സമ്പൂര്‍ണ്ണ നിരായുധീകരണവും കാറ്റ്സ് പരാമര്‍ശിച്ചുകൊണ്ടാണ് ഗാസ നഗരം നശിപ്പിക്കപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
2023 ഒക്ടോബര്‍ 7 ന് പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കിയാണ് ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തിനിറങ്ങിയത്. യുദ്ധം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 62,192 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.