
ജറുസലേം : പലസ്തീന്‍ പ്രദേശത്ത് തടവിലാക്കപ്പെട്ട ബന്ദികളെ വേഗത്തില്‍ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഗാസയിലെ പോരാട്ടത്തിന് വിശ്രമം ഉണ്ടാകില്ലെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ കരസേന മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍.
‘നമ്മുടെ ബന്ദികളെ മോചിപ്പിക്കുന്നതിന് ഒരു കരാറിലെത്താന്‍ കഴിയുമോ എന്ന് വരും ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് അറിയാന്‍ കഴിയുമെന്ന് ഞാന്‍ കണക്കാക്കുന്നു, ഇല്ലെങ്കില്‍, പോരാട്ടം വിശ്രമമില്ലാതെ തുടരും,’ വെള്ളിയാഴ്ച ഗാസയ്ക്കുള്ളിലെ ഉദ്യോഗസ്ഥരോട് നടത്തിയ സൈനിക പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ സൈന്യം പുറത്തുവിട്ട ദൃശ്യങ്ങളില്‍ സമീര്‍ ഒരു കമാന്‍ഡ് സെന്ററില്‍ സൈനികരെയും ഉദ്യോഗസ്ഥരെയും കണ്ട് സംസാരിക്കുന്നുണ്ട്.
2023 ഒക്ടോബറില്‍ ഹമാസിന്റെ ആക്രമണത്തിനിടെ ഇസ്രായേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 251 പേരില്‍ 49 പേര്‍ ഗാസയില്‍ തന്നെയുണ്ടെന്നും അവരില്‍ 27 പേര്‍ മരിച്ചതായും സൈന്യം അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം ഹമാസ് ബന്ദികളുടെ ക്ഷീണിതരും ദുര്‍ബലരുമായി കാണപ്പെടുന്ന രണ്ട് വീഡിയോകള്‍ പുറത്തുവിട്ടിരുന്നു. ഇത് ഇസ്രയേലിനെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്.
അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നിവരുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ കഴിഞ്ഞ മാസം പരാജയപ്പെട്ടിരുന്നു. ഇസ്രായേലില്‍ നിന്നും ചിലര്‍ കൂടുതല്‍ കര്‍ശനമായ സൈനിക നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഏകദേശം 22 മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കാന്‍ ബന്ദികളുടെ നിരവധി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തിലും ആഭ്യന്തരതലത്തിലും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
അതേസമയം, ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം അടക്കം എത്തിക്കുന്നതില്‍ ഇസ്രായേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഗാസയിലെ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണെന്ന് യുഎന്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സമീര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ഇസ്രയേല്‍ സൈന്യത്തിനെതിരെ യുദ്ധ കുറ്റങ്ങള്‍ ചുമത്താനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നാണ് അദ്ദേഹം വാദിച്ചത്.
ഗാസയില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കുറഞ്ഞത് 60,332 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.