ഖാന്‍ യൂനിസിലെ ആശുപത്രിയില്‍ ഇസ്രയേൽ ആക്രമണം ; കൊല്ലപ്പെട്ട 21 പേരില്‍ റോയിട്ടേഴ്സിന്റെ ഉള്‍പ്പെടെ 5 മാധ്യമ പ്രവര്‍ത്തകരും; 50 പേർക്ക് പരുക്ക്

ഗാസ സിറ്റി: തിങ്കളാഴ്ച രാവിലെ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ മാരക വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 21 പേരില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസിലേയും റോയിട്ടേഴ്‌സിലെയും ഉള്‍പ്പെടെ 5 മാധ്യമ പ്രവര്‍ത്തകരാണ് മരണപ്പെട്ടത്. ഖാന്‍ യൂനിസിലെ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്സിലാണ് ആക്രമണം നടന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2022 ഒക്ടോബറില്‍ സംഘര്‍ഷം ആരംഭിച്ചതുമുതല്‍ അസോസിയേറ്റഡ് പ്രസ്സില്‍ ഫ്രീലാന്‍സ് ജേണലിസ്റ്റായി ജോലി ചെയ്തിരുന്ന 33 കാരിയായ മറിയം ദഗ്ഗ, റോയിട്ടേഴ്സ് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായ മോസ് അബു താഹ, റോയിട്ടേഴ്സിന്റെ പലസ്തീന്‍ ക്യാമറാമാന്‍ ഹുസാം അല്‍-മസ്രി, അഹമ്മദ് അബു അസീസ്, അല്‍ ജസീറ ക്യാമറാമാന്‍ മുഹമ്മദ് സലാമ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്നാണ് അല്‍ ജസീറ പ്രതികരിച്ചത്. ‘സത്യത്തെ നിശബ്ദമാക്കാനുള്ള ആസൂത്രിതമായ പ്രചാരണത്തിന്റെ ഭാഗമായി നേരിട്ട് മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചും കൊലപ്പെടുത്തിയും ഇസ്രായേല്‍ സേന നടത്തിയ ഈ ഭയാനകമായ കുറ്റകൃത്യത്തെ ഏറ്റവും ശക്തമായി അപലപിക്കുന്നു’ എന്ന് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണത്തില്‍ റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ ഹതീം ഖാലിദിനും പരിക്കേറ്റതായിവിവരമുണ്ട്. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകരെ കൂടാതെ 16 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നാല് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഉള്‍പ്പെടെ അമ്പത് പേര്‍ക്കാണ് പരിക്കേറ്റത്.

More Stories from this section

family-dental
witywide