ഇസ്രയേല്‍ ആക്രമണം; തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും പ്രതികാരത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്തർ, മധ്യസ്ഥത തുടരാനും നീക്കം

ദോഹ: ഇസ്രായേൽ ഖത്തറിലെ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ആസ്ഥാനം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും പ്രതികാരത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും രാഷ്ട്ര ഭീകരതയാണിതെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനി. ഇസ്രയേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണത്തിൽ ഖത്തർ മധ്യസ്ഥ ശ്രമങ്ങൾ തുടരാനും നീക്കം നടക്കുന്നുണ്ട്.

ഞങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള ഒരു കടന്നുകയറ്റവും വെച്ചുപൊറുപ്പിക്കില്ലെന്നും സുരക്ഷയ്ക്ക് ഭീഷണിയാവുകയും പ്രാദേശിക സ്ഥിരതയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന വിവേകശൂന്യമായ ഏതൊരു ലംഘനത്തോടും ആക്രമണത്തോടും ശക്തമായി പ്രതികരിക്കുമെന്നും ഖത്തർ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നെതന്യാഹുവിൻ്റെ ക്രൂരത മാത്രം പ്രതിഫലിപ്പിക്കുന്ന കിരാതമായ പെരുമാറ്റത്തിനെതിരെ മേഖല ഒന്നടങ്കം പ്രതികരിക്കേണ്ട ഒരു നിർണ്ണായക നിമിഷത്തിലാണ് നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര സംവിധാനങ്ങളെയും നിയമങ്ങളെയും അവഗണിച്ച്, അദ്ദേഹം ഈ മേഖലയെ പരിഹരിക്കാനാവാത്ത ഒരു തലത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും പറഞ്ഞ ഖത്തർ പ്രധാനമന്ത്രി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

മധ്യസ്ഥത വഹിക്കുന്നത് ഞങ്ങളുടെ രാജ്യത്തിന്റെ വ്യക്തിത്വത്തിൻ്റെ ഭാഗമാണ്. സംഭാഷണങ്ങളിലൂടെ മേഖലയിൽ സ്ഥിരത കൈവരിക്കുക എന്നതിലാണ് ഖത്തറിന്റെ നയതന്ത്രം അധിഷ്‌ഠിതമായിരിക്കുന്നത്. ഇസ്രയേൽ ആക്രമണത്തിനെതിരെ നടപടിയെടുക്കാൻ എല്ലാ സൗഹൃദ, സഹോദര രാഷ്ട്രങ്ങളുമായി തങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ എടുക്കുന്ന ഓരോ നടപടിയും തങ്ങൾ പ്രഖ്യാപിക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide