75 വർഷത്തെ ചരിത്രം അവസാനിക്കുന്നു, അല്ല അവസാനിപ്പിക്കുന്നു; വിവാദങ്ങൾക്കിടെ ‘ആർമി റേഡിയോ’ പൂട്ടാൻ ഇസ്രായേൽ, സ്വാഗതം ചെയ്ത് നെതന്യാഹു

ജെറുസലേം: ഇസ്രായേലിലെ ഏറ്റവും പഴയതും പ്രശസ്തവുമായ മാധ്യമ സ്ഥാപനങ്ങളിലൊന്നായ ‘ആർമി റേഡിയോ’ (ഗലേയ് സഹ്ൽ – Galei Tzahal) നിർത്തലാക്കാൻ ഇസ്രായേൽ സർക്കാർ തീരുമാനിച്ചു. രാജ്യത്ത് പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റങ്ങൾ വർദ്ധിക്കുന്നു എന്ന ആശങ്കകൾക്കിടയിലാണ്, 75 വർഷമായി പ്രവർത്തിച്ചുവരുന്ന ഈ റേഡിയോ സ്റ്റേഷൻ പൂട്ടാനുള്ള നീക്കം. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അവതരിപ്പിച്ച നിർദ്ദേശപ്രകാരം, മാർച്ച് 1-ഓടെ സ്റ്റേഷൻ പൂർണ്ണമായും പ്രവർത്തനം അവസാനിപ്പിക്കും.

ഈ തീരുമാനത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്തു. “സൈന്യത്തിന്റെ അധികാരത്തിന് കീഴിൽ ഒരു റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നത് ഉത്തരകൊറിയയിലും മറ്റ് ചില രാജ്യങ്ങളിലും മാത്രമാണ്. ആ പട്ടികയിൽ ഉൾപ്പെടാൻ ഇസ്രായേൽ ആഗ്രഹിക്കുന്നില്ല,” എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, അറ്റോർണി ജനറൽ ഗാലി ബഹരാവ്-മിയാര ഈ നീക്കത്തെ ശക്തമായി എതിർത്തു. ഈ തീരുമാനത്തിന് കൃത്യമായ വസ്തുതകളോ പ്രൊഫഷണൽ അടിത്തറയോ ഇല്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും അവർ ഔദ്യോഗിക കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
ഇസ്രായേലിലെ പൊതു പ്രക്ഷേപണ സംവിധാനങ്ങളെ തകർക്കാനും ആവിഷ്കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുമുള്ള നീക്കമാണിതെന്ന് അവർ ആരോപിച്ചു.

1950-ൽ പ്രവർത്തനം ആരംഭിച്ച ഈ റേഡിയോ സ്റ്റേഷൻ ഇസ്രായേലിലെ സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സൈനികരുടെ ഇടയിൽ മാത്രമല്ല, സാധാരണക്കാർക്കിടയിലും ഇതിന് വലിയ ജനപ്രീതിയുണ്ട്. എന്നാൽ, സൈന്യത്തിന് കീഴിലുള്ള ഒരു മാധ്യമ സ്ഥാപനം സർക്കാരിനെ വിമർശിക്കുന്നതിനെ നെതന്യാഹു ഭരണകൂടം ദീർഘകാലമായി എതിർത്തിരുന്നു. പത്രസ്വാതന്ത്ര്യത്തിന് മേലുള്ള വലിയൊരു ആഘാതമായാണ് ഇസ്രായേലിലെ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഈ തീരുമാനത്തെ കാണുന്നത്.

Also Read

More Stories from this section

family-dental
witywide