
ടെൽഅവീവ്: ഇസ്രയേൽ ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ലക്ഷ്യം കണ്ടില്ലെന്നും ലക്ഷ്യംവെച്ചവരിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇസ്രയേൽ ലക്ഷ്യംവെച്ച ഭൂരിഭാഗം പേരും ഖത്തറിലെ ഓപ്പറേഷനിൽ കൊല്ലപ്പെട്ടിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനൽ 12 വാർത്ത റിപ്പോർട്ട് ചെയ്തു.
എന്നാൽ ആക്രമണത്തിൽ ഒന്നോ രണ്ടോ പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്രയേലെന്നും എങ്കിലും അത് പോലും സംശയാസ്പദമാണ്. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായി ഹമാസ് നേതാക്കൾ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറിയോ എന്നതും ഇസ്രയേൽ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിലുണ്ട്. ചൊവ്വാഴ്ച്ചയായിരുന്നു ഇസ്രയേൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.