ദോഹ: ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്താനുള്ള തീരുമാനം തന്റേതായിരുന്നില്ലെന്നും ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റേത് ആയിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്തിലാണ് ട്രംപിന്റെ പ്രതികരണം. ട്രംപ് ഭരണകൂടത്തെ യുഎസ് സൈന്യം ഹമാസിന് നേരെ ഇസ്രയേൽ ആക്രമണം നടത്തുകയാണൈന്ന് അറിയിച്ചിരുന്നു.
എന്നാൽ ആക്രമണം നടത്താനുള്ള തീരുമാനം നെതന്യാഹുവിന്റേതാണ്, എന്റേതല്ല. സമാധാനം പുനഃസ്ഥാപിക്കാൻ ഞങ്ങൾക്കൊപ്പം പ്രയത്‌നിക്കുന്ന ഒരു പരമാധികാര രാജ്യവും ഞങ്ങളോട് അടുത്തുനിൽക്കുന്ന സഖ്യകക്ഷിയുമാണ് ഖത്തർ. അവിടെ ഏകപക്ഷീയമായി ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റേയോ യുഎസിന്‍റേയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ല.
ഇസ്രയേൽ ആക്രമണത്തെകുറിച്ച് ഖത്തറിനെ അറിയിക്കാൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം അത് നിറവേറ്റിയെങ്കിലും നിർഭാഗ്യവശാൽ ആക്രമണം തടയാൻ കഴിയാത്ത വിധം വൈകിപ്പോയിരുന്നുവെന്നും ട്രംപ് ട്രൂത്തിൽ പ്രതികരിച്ചു. ആക്രമണത്തിന് പിന്നാലെ നെതന്യാഹുവുമായി സംസാരിച്ചിരുന്നു. സമാധാനം പുലർത്താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ആക്രമണം നേരത്തെ അറിയിച്ചുവെന്ന അമേരിക്കന്‍ നിലപാട് ഖത്തര്‍ തള്ളി. ഖത്തർ അമീറുമായി ഫോണിൽ വിളിച്ച് രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതായും ട്രംപ് അറിയിച്ചു. അവരുടെ മണ്ണിൽ ഇത്തരം സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയെന്നും ഖത്തറുമായുള്ള പ്രതിരോധ സഹകരണ കരാർ അന്തിമമാക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് നിർദേശം നൽകിയെന്നും ട്രംപ് വ്യക്തമാക്കി.













