ഡൽഹി: ഇന്ത്യയെ ആഗോള സൂപ്പർപവർ എന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട് ജനാധിപത്യ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം എക്കാലത്തേക്കാളും ശക്തമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാനുള്ള ധാരണാപത്രത്തിന് ഇരുരാജ്യങ്ങളും തയാറെടുക്കുന്നു.
ഒക്ടോബർ 7 ഹമാസ് ആക്രമണദിവസം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച ആദ്യ ലോകനേതാവ് നരേന്ദ്ര മോദിയാണെന്ന് ഗിഡിയൻ സാർ ഓർത്തു. ഇന്ത്യയുടെ സൗഹൃദത്തിന് നന്ദിയുള്ളവരാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഭീകരതയുടെ വേദനയും അനുഭവവും ഇരുരാജ്യങ്ങളും പങ്കിടുന്നു. പ്രതിരോധം, കൃഷി, സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള അഭിനിവേശം ഇസ്രയേലിനുണ്ട്.
ഭീകരതയെ നേരിടുന്നതിൽ ഇസ്രയേലിനേക്കാൾ അനുഭവസമ്പത്ത് മറ്റൊരു രാജ്യത്തിനുമില്ലെന്ന് അവകാശപ്പെട്ട ഗിഡിയൻ സാർ, രഹസ്യാന്വേഷണ പങ്കുവയ്ക്കലിനും പ്രതിരോധത്തിനുമുള്ള പുതിയ ചട്ടക്കൂടുകൾ വികസിപ്പിച്ചുവരികയാണെന്ന് വെളിപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങൾക്ക് ഭീകരതയുടെ ഭീകരത അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും ഭീകരതയ്‌ക്കെതിരെ ഒന്നിച്ചുനിൽക്കുമെന്ന് ഉറപ്പിച്ചു.













