
ന്യൂഡല്‍ഹി : ഗാസ ‘പിടിച്ചെടുക്കുകയും’ അതിന്റെ പ്രദേശം കൈവശപ്പെടുത്തുകയും ചെയ്യാനുള്ള പദ്ധതിക്ക് ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. ഹമാസിനെതിരായ സൈനിക ആക്രമണം വിപുലീകരിക്കാനുള്ള പദ്ധതിക്കും മന്ത്രിസഭ പച്ചക്കൊടി കാട്ടിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നിര്‍ദ്ദേശം അടിസ്ഥാന മാനുഷിക തത്വങ്ങളുടെ ലംഘനമാകുമെന്നും തങ്ങള്‍ സഹകരിക്കില്ലെന്നും ഐക്യരാഷ്ട്രസഭയും മറ്റ് സഹായ ഏജന്‍സികളും അറിയിച്ചു.
ഹമാസിനെ നശിപ്പിക്കാനും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനും ഒരു ‘ശക്തമായ ഓപ്പറേഷന്‍’ നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചതായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ സൈന്യം എത്രത്തോളം പ്രദേശം പിടിച്ചെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഗുരുതരമായ ഭക്ഷ്യക്ഷാമത്തിലേക്ക് ഗാസയെ തള്ളിവിട്ട രണ്ട് മാസത്തെ ഉപരോധം അവസാനിപ്പിക്കാനും സ്വകാര്യ കമ്പനികള്‍ വഴി സഹായം എത്തിക്കാനുള്ള പദ്ധതിക്കും മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
ഗാസയില്‍ ആക്രമണം വിപുലീകരിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോള്‍, അവിടുത്തെ പലസ്തീനികള്‍ക്കുള്ള ഭക്ഷണം എത്തിക്കാന്‍ സഹായിക്കുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മറുപടി. ‘ഗാസയില്‍ ഇസ്രായേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന്’ യുകെയും പ്രതികരിച്ചു. പലസ്തീന്‍ ജനതയ്ക്ക് കൂടുതല്‍ നാശനഷ്ടങ്ങളും കഷ്ടപ്പാടുകളും ഉണ്ടാകുമെന്ന ആശങ്ക യൂറോപ്യന്‍ യൂണിയനും ചൂണ്ടിക്കാട്ടി.