നിരാശ… ഇന്ന് ചരിത്രം കുറിക്കാനാകില്ല, ഇസ്രോയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി; ഉപഗ്രഹങ്ങള്‍ അടുക്കുന്നതിന്റെ വേഗത കൂടി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ (ഇസ്രോ) യുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. ചേസര്‍, ടാര്‍ഗറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങളുടെ ഡോക്കിങ് ബഹിരാകാശത്ത് വെച്ച് നടത്തുന്ന ചരിത്രപരമായ ദൗത്യമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. സ്‌പേഡെക്‌സ് എന്ന് അറിയപ്പെടുന്ന ഈ ദൗത്യത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ന രാവിലെ നടത്താനിരുന്ന ഉപഗ്രഹങ്ങളുടെ കൂടിചേരല്‍ മാറ്റിവെച്ചത്.

ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഡോക്കിങ് പരീക്ഷണം മാറ്റിവെയ്ക്കുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഡോക്കിങിനായി ഉപഗ്രഹങ്ങള്‍ തമ്മില്‍ ദൂരം കുറച്ച് കൊണ്ടുവരുന്നതിന്റെ വേഗം കൂടിയതോടെയാണ് ദൗത്യം മാറ്റിവെക്കേണ്ടിവന്നത്. ഉപഗ്രഹങ്ങള്‍ തമ്മില്‍ അടുക്കുന്നതിന്റെ വേഗത പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്നും ഇസ്രോ അറിയിച്ചു.

ഇത് രണ്ടാം തവണയാണ് ഐഎസ്ആര്‍ഒ സ്‌പേഡെക്‌സ് മാറ്റിവയ്ക്കുന്നത്. ആദ്യം ജനുവരി 7 ന് നടത്താനിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കി ജനുവരി 9 ലേക്ക് മാറ്റിവെക്കുകയായിരുന്നു.