
ശ്രീഹരിക്കോട്ട: ഉപഗ്രഹ വിക്ഷേപണ ചരിത്രത്തിലെ സുപ്രധാന നേട്ടത്തിലേക്ക് ചുവടുവയ്ക്കാന്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍. ശ്രീഹരിക്കോട്ടയില്‍ നിന്ന് ജനുവരിയില്‍ വിക്ഷേപിക്കാനിരിക്കുന്ന ജിഎസ്എല്‍വി റോക്കറ്റ് ഇവിടെ നിന്നുള്ള 100 -ാം വിക്ഷേപണമായിരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.
ഇന്നലെ 99 -ാം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ‘ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 99-ാമത് വിക്ഷേപണമായ പിഎസ്എല്‍വി സി60 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. സ്‌പേസ് ഡോക്കിങ് പരീക്ഷണത്തിനുള്ള ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ പിഎസ്എല്‍വിക്കായി. ജനുവരി ഏഴിനാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ഒത്തുചേരുന്ന ഡോക്കിങ് നടക്കുക’ എസ് സോമനാഥ് പറഞ്ഞു.
2025ല്‍ നിരവധി ദൗത്യങ്ങള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും ജനുവരിയില്‍ ജിഎസ്എല്‍വി എന്‍വിഎസ്- 02 എന്നീ വിക്ഷേപണ ദൗത്യം നമുക്ക് മുന്നിലുണ്ട്. 2023 മെയ് മാസത്തില്‍ ജിഎസ്എല്‍വിയില്‍ 2,232 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ്- 01 ഉപഗ്രഹത്തെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ വിജയകരമായി വിക്ഷേപിച്ചിരുന്നു. അത്തരത്തില്‍ എന്‍വിഎസ് 02 വിജയകരമായി വിക്ഷേപിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും’ എസ് സോമനാഥ് അറിയിച്ചു.
പിഎസ്എല്‍വി-സി60 വിജയകരമായി വിക്ഷേപിക്കാന്‍ സാധിച്ചതിനാല്‍ വരും ദിവസങ്ങളില്‍ ശാസ്ത്രജ്ഞര്‍ കൂടുതല്‍ സ്പേസ് ഡോക്കിങ് പരീക്ഷണങ്ങള്‍ നടത്തുമെന്ന് സോമനാഥ് വ്യക്തമാക്കി. രണ്ട് വ്യത്യസ്ത ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യമാണ് സ്പെഡെക്സ്. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹങ്ങളെ എത്തിക്കുന്നത്. ശേഷം ഇവ തമ്മിലുള്ള അകലവും വെലോസിറ്റിയും ഘട്ടം ഘട്ടമായി കുറച്ച ശേഷമാണ് ഡോക്കിങ് നടക്കുക.
അതേസമയം ദൗത്യം വിജയകരമായാല്‍ ബഹിരാകാശ ഡോക്കിങ്ങിനുള്ള സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ചാന്ദ്ര പര്യവേഷണങ്ങളും ഭാരതീയ അന്തരീക്ഷ സ്റ്റേഷനും ഉള്‍പ്പെടെയുള്ള ഭാവി ദൗത്യങ്ങള്‍ക്കായുള്ള നിര്‍ണായക ചുവടുവയ്പ്പാണ് ഇന്ത്യയുടെ സ്പെഡ്ക്സ് നടത്തുന്നത്.