ഇന്ത്യക്കിത് ചരിത്രം, അഭിമാനം….ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യം വിജയകരം, അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യം വിജയകരം. വ്യാഴാഴ്ച രാവിലെ ബഹിരാകാശത്ത് രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ വിജയിച്ചുവെന്ന് രാവിലെ 10 മണിയോടെ ഐഎസ്ആര്‍ഒ അറിയിച്ചു.

‘ബഹിരാകാശ പേടക ഡോക്കിംഗ് വിജയകരമായി പൂര്‍ത്തിയായി! ഒരു ചരിത്ര നിമിഷം. നമുക്ക് SpaDeX ഡോക്കിംഗ് പ്രക്രിയയിലൂടെ ഡോക്കിംഗ് വിജയകരമായി പൂര്‍ത്തിയായി. വിജയകരമായ സ്‌പേസ് ഡോക്കിംഗ് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍! ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍!’ ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.

ഉപഗ്രഹങ്ങളുടെ സ്പേസ് ഡോക്കിംഗിന്റെ വിജയകരമായ പ്രകടനത്തിന് ഇസ്റോയിലെ ശാസ്ത്രജ്ഞരെയും മുഴുവന്‍ ബഹിരാകാശ സമൂഹത്തെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ അഭിലാഷമായ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയില്‍ നിന്ന് 475 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച് കൂട്ടിച്ചേര്‍ക്കുന്നതില്‍ ഇതോടെ ഇന്ത്യ വിജയിച്ചു. റഷ്യ, യുഎസ്എ, ചൈന എന്നിവയ്ക്ക് ശേഷം ഡോക്ക് ചെയ്യല്‍ വിജയകരമായി നടത്തിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ ഡിസംബര്‍ 30 നാണ് പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് സ്‌പേഡെക്‌സ് ദൗത്യം വിക്ഷേപിച്ചത്. ചന്ദ്രയാന്‍ -4, ഇന്ത്യയുടെ സ്വന്തം സ്‌പേസ് സ്റ്റേഷന്‍ പോലുള്ള ഭാവി ദൗത്യങ്ങള്‍ക്ക് ഡോക്കിംഗ് ഒരു സുപ്രധാന സാങ്കേതികവിദ്യയാണ്.

More Stories from this section

family-dental
witywide