പുഞ്ചിരികള്‍ മായ്ച്ച് ഇടിത്തീപോലെ അവര്‍ ചാടിവീണു, പുരുഷന്മാരെ തിരഞ്ഞുപിടിച്ച് കൊന്നു; പഹല്‍ഗാമില്‍ രക്തം പുരണ്ടിട്ട് ഇന്ന് ഒരുമാസം

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ സര്‍വ്വസാധാരണമായ ഒരു ദിവസത്തെ രാജ്യത്തിന്റെ നോവാക്കി മാറ്റിയിട്ട് ഇന്നേക്ക് ഒരുമാസം. പഹല്‍ഗാമില്‍ 25 വിനോദസഞ്ചാരികളെയും ഒരു തദ്ദേശവാസിയെയും ഉള്‍പ്പെടെ 26 സാധാരണക്കാരെ കൊലപ്പെടുത്തിയ ഭീകരര്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

ഭീകരരെ കണ്ടെത്തുന്നതില്‍ പുരോഗതിയില്ലാത്തതിനാല്‍, ആക്രമണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീര്‍ പൊലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎയ്ക്കും ഭീകരരെ പിടികൂടാനായിട്ടില്ല.

പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയിലെ പുല്‍മേട്ടില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് ഭീകരരാണെന്ന് സംശയിക്കുന്നു. ഈ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്, അവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരരെ അയച്ചവര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് രാജ്യത്തുയര്‍ന്ന രോഷം കുറച്ചെങ്കിലും തണുപ്പിക്കാന്‍ കേന്ദ്രത്തിനായത്. എന്നാല്‍ കൂട്ടക്കൊല നടത്തിയ ഭീകരര്‍ ഇനിയും പിടിയിലായിട്ടില്ല എന്നത് അന്വേഷണ ഏജന്‍സിക്കു മുന്നിലെ കനത്ത വെല്ലുവിളിയാണ്.

സംഭവത്തിനു പിന്നാലെ നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിന് ഗുണകരമാകുന്ന കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്നും ലഭിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്തവരില്‍ ഭൂരിഭാഗവും വിട്ടയച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2024ല്‍ ഏകദേശം 35 ലക്ഷം വിനോദസഞ്ചാരികള്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചതായി യുടി ടൂറിസം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023-ല്‍ ഇത് 27 ലക്ഷവും 2022-ല്‍ 26 ലക്ഷവുമായിരുന്നു. എന്നാല്‍, 2025-ലെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 5 ലക്ഷം വിനോദസഞ്ചാരികള്‍ ഈ പ്രദേശം സന്ദര്‍ശിച്ചു. പക്ഷേ ഏപ്രിലില്‍ ഭീകരാക്രമണമുണ്ടായതിനു ശേഷം, വിനോദസഞ്ചാരികള്‍ വ്യാപകമായി ബുക്കിംഗുകള്‍ റദ്ദാക്കുകയും പഹല്‍ഗാം ഏതാണ്ട് ശൂന്യമാകുകയും ചെയ്തു. പിന്നീട് പഹല്‍ഗാം തിരക്കില്‍ അമര്‍ന്നിട്ടില്ല.

പഹല്‍ഗാമില്‍ ഏകദേശം 200 റെസ്റ്റോറന്റുകള്‍ കൂടാതെ ഏകദേശം 2,500 ഹോട്ടലുകളും ഗസ്റ്റ്ഹൗസുകളും ഉണ്ട്. ഇപ്പോള്‍ ഒരു ഹോട്ടലിലും ഒരു വിനോദസഞ്ചാരി പോലുമില്ലെന്ന ചില റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

ഏകദേശം 30 ലക്ഷം കശ്മീരികള്‍ ടൂറിസം മേഖലയില്‍ നേരിട്ട് പങ്കാളികളാണെന്നും, മൂന്ന് ലക്ഷം പേര്‍ ഹോട്ടലുകളിലും മറ്റ് ടൂറിസവുമായി ബന്ധപ്പെട്ട ബിസിനസുകളിലും ജോലി ചെയ്യുന്നുണ്ടെന്നും ജമ്മു കാശ്മീര്‍ ഹോട്ടലേഴ്സ് ക്ലബ് ചൂണ്ടിക്കാട്ടുന്നു. ഭീകരാക്രമണത്തിനു ശേഷം പഹല്‍ഗാമില്‍ ഒന്നും പഴയതുപോലെയായില്ല. ഇനിയെന്ന് പഴയ തിരക്കിലേക്കും വിനോദ സഞ്ചാരികളുടെ ചിരികലര്‍ന്ന ദിവസങ്ങളിലേക്കും പഹല്‍ഗാം തിരിച്ചുപോകുമെന്നും വ്യക്തതയില്ല.

Also Read

More Stories from this section

family-dental
witywide