വോട്ടുകൾ ഓൺലൈനായി നീക്കം ചെയ്യുക അസാധ്യം, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി

ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി പ്രതിരോധിച്ചു. കോൺഗ്രസ് അനുകൂല വോട്ടർമാരെ ആസൂത്രിതമായി പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. വോട്ടുകൾ ഓൺലൈനായി നീക്കം ചെയ്യുക അസാധ്യമാണെന്നും, വോട്ടർ പട്ടികയിൽ നിന്ന് ആരെയെങ്കിലും ഒഴിവാക്കുന്നതിന് മുമ്പ് അവരുടെ ഭാഗം കേൾക്കുന്ന നടപടിക്രമം പാലിക്കുന്നുണ്ടെന്നും കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.

2023-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ അലന്ദ് മണ്ഡലത്തിൽ 6,018 വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇത് കോൺഗ്രസ് വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ഗൂഢനീക്കമായിരുന്നുവെന്നും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സംരക്ഷണത്തോടെയാണ് ഇത് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, അലന്ദിൽ ഉണ്ടായ ക്രമക്കേട് ശ്രമങ്ങൾ കമ്മീഷൻ തന്നെ കണ്ടെത്തി, ഇതേക്കുറിച്ച് എഫ്.ഐ.ആർ. ഫയൽ ചെയ്തതായും കമ്മീഷൻ വിശദീകരിച്ചു.

അലന്ദ് മണ്ഡലത്തിൽ 2023-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് വിജയിച്ചതെന്നും, ആരോപണങ്ങൾക്ക് യാഥാർഥ്യവുമായി ബന്ധമില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആക്ഷേപങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് കമ്മീഷൻ ആവർത്തിച്ചു. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിക്കപ്പെടുന്ന ഏത് സംഭവവും കമ്മീഷൻ ഗൗരവമായി പരിശോധിക്കുമെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുമെന്നും കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

More Stories from this section

family-dental
witywide