
അലാസ്‌ക: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യ-അമേരിക്കന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കുപിന്നാലെ ഒരു കരാര്‍ പൂര്‍ത്തിയാക്കേണ്ടത് ഇപ്പോള്‍ ‘സെലെന്‍സ്‌കിയുടെ ഉത്തരവാദിത്തമാണ്’ എന്ന് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി യൂറോപ്യന്‍ രാജ്യങ്ങളും ഇടപെടണമെന്നും, കരാര്‍ പൂര്‍ത്തിയാക്കേണ്ടത് പ്രസിഡന്റ് സെലെന്‍സ്‌കിയുടെ ഉത്തരവാദിത്തമാണെന്നും ട്രംപ് പറഞ്ഞു. അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍, ഞാന്‍ ആ അടുത്ത യോഗത്തില്‍ ഉണ്ടാകും എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അലാസ്‌കയില്‍വെച്ച് ഫോക്‌സ് ന്യൂസിന്റെ ഷോണ്‍ ഹാനിറ്റിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് അറിയിച്ചത്.
സമാധാന കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായി സെലെന്‍സ്‌കി വെടിനിര്‍ത്തല്‍ കരാറിനെ പിന്തുണച്ചിട്ടുണ്ട്, എന്നാല്‍ റഷ്യ ആ ആശയം നിരസിച്ചുവെന്നും മിക്ക കാര്യങ്ങളിലും താനും പുടിനും യോജിച്ചതായും ട്രംപ് പറഞ്ഞു. റഷ്യ വിയോജിക്കുന്ന ഒന്നോ രണ്ടോ വിഷയങ്ങള്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ ആ വിയോജിപ്പുകള്‍ എന്താണെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. പുടിന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
സെലെന്‍സ്‌കിയോടുള്ള സന്ദേശം എന്താണെന്ന് ഹാനിറ്റി ചോദിച്ചപ്പോള്‍ ‘ഒരു കരാര്‍ ഉണ്ടാക്കുക’ എന്നതാണെന്നും ട്രംപ് പ്രതികരിച്ചു. ‘നമ്മള്‍ ഒരു കരാറിന് വളരെ അടുത്താണെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം പറഞ്ഞു. ‘നോക്കൂ, ഉക്രെയ്ന്‍ അതിന് സമ്മതിക്കണം. ഒരുപക്ഷേ അവര്‍ ഇല്ല എന്ന് പറഞ്ഞേക്കാം.’- ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, റഷ്യയും അമേരിക്കയും നടത്തിയ ചര്‍ച്ചയില്‍ ലോകത്തിനും പ്രതീക്ഷയുണ്ട്. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും നാറ്റോ രാജ്യങ്ങളുമായും ഉടന്‍ സംസാരിക്കുമെന്നും അതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസ് നഗരമായ അലാസ്‌കയില്‍ വെള്ളിയാഴ്ചയായിരുന്നു ട്രംപും പുടിനും ചര്‍ച്ച നടത്തിയത്.