
ജൊഹാനസ്ബർഗ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജി20 ഉച്ചകോടി ബഹിഷ്കരിച്ചാലും പ്രശ്നമില്ലെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനമാണ് ആവേശമെന്നും ദക്ഷിണാഫ്രിക്ക. നവംബർ 22-23 തീയതികളിൽ ജൊഹാനസ്ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ യൂറോപ്യൻ വംശജരെ കൊലപ്പെടുത്തുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നുവെന്ന തെറ്റായ ആരോപണമാണ് ട്രംപിന്റെ ബഹിഷ്കരണത്തിന് കാരണം. ഈ ആരോപണങ്ങൾ അവാസ്തവമാണെന്ന് ദക്ഷിണാഫ്രിക്കൻ കോടതി വ്യക്തമാക്കിയിട്ടും ട്രംപ് ആവർത്തിക്കുന്നതായി രാജ്യം വിമർശിച്ചു.
ട്രംപിന്റെ നിലപാട് ദക്ഷിണാഫ്രിക്കയെ മാത്രമല്ല, ആഫ്രിക്കൻ ഭൂഖണ്ഡത്തെ മൊത്തം അപമാനിക്കുന്നതാണെന്ന് ഇന്ത്യയിലെ ദക്ഷിണാഫ്രിക്കൻ ഹൈക്കമ്മിഷണർ പ്രൊഫ. അനിൽ സൂക്‌ലാൽ പ്രതികരിച്ചു. ട്രംപ് വരാത്തതുകൊണ്ട് ഉച്ചകോടി പരാജയപ്പെടില്ലെന്നും മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും എത്തുന്നതോടെ ചർച്ചകൾ ശക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 21ന് മോദി ദക്ഷിണാഫ്രിക്കയിലെത്തുമെന്നാണ് സൂചന. പ്രസിഡന്റ് സിറിൾ റമഫോസയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക ത്രിരാഷ്ട്ര ഉച്ചകോടിയിലും (ഐബിഎസ്എ) മോദി പങ്കെടുക്കും.
മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നിരവധി ഉഭയകക്ഷി വ്യാപാര കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കയിൽ ഐഐടി ക്യാംപസ് സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനവും ഉണ്ടായേക്കും. അടുത്തിടെ വൈറ്റ്ഹൗസ് സന്ദർശിച്ച റമഫോസയോട് ട്രംപ് നേരിട്ട് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മറുപടി നൽകിയിട്ടും ട്രംപ് സോഷ്യൽ മീഡിയയിൽ വാദം ആവർത്തിച്ചു. 2026ലെ ജി20 ഉച്ചകോടി അമേരിക്കയിലാണ് നടക്കുക.
ദക്ഷിണാഫ്രിക്കയുടെ ജി20 അധ്യക്ഷസ്ഥതയ്ക്ക് ശേഷം അമേരിക്കയാണ് അടുത്തത് ഏറ്റെടുക്കേണ്ടത്. ട്രംപിന്റെ ബഹിഷ്കരണം ആഫ്രിക്കൻ രാജ്യങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ നേതൃത്വം ഉറപ്പിച്ചു പറഞ്ഞു. മോദിയുടെ സാന്നിധ്യം ഉച്ചകോടിയുടെ പ്രസക്തി വർധിപ്പിക്കുമെന്നും ആഗോള ദക്ഷിണത്തിന്റെ ശബ്ദം ശക്തമാക്കുമെന്നും വിലയിരുത്തപ്പെടുന്നു.















