
വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് (JD Vance), അമേരിക്കയെ ഒരു “ക്രിസ്ത്യൻ രാഷ്ട്രം” എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ വലിയ വിവാദങ്ങളും ഉയരുന്നു. ഫീനിക്സിൽ നടന്ന ‘ടേണിംഗ് പോയിന്റ് യുഎസ്എ’ (Turning Point USA) കോൺഫറൻസിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ പരാമർശം നടത്തിയത്. യുവ കൺസർവേറ്റീവ് പ്രവർത്തകരെ ഒന്നിപ്പിക്കുക, രാജ്യസ്നേഹവും വ്യക്തിസ്വാതന്ത്ര്യവും ആഘോഷിക്കുക എന്നിവയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. 2025-ലെ സംഗമം സംഘടനയുടെ സ്ഥാപകനായിരുന്ന ചാർളി കിർക്കിന്റെ സ്മരണാർത്ഥം കൂടിയാണ് സംഘടിപ്പിക്കുന്നത്.
അമേരിക്ക എപ്പോഴും ഒരു ക്രിസ്ത്യൻ രാഷ്ട്രമായിരിക്കുമെന്നും ക്രിസ്തുമതമാണ് അമേരിക്കയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ദൈവാനുഗ്രഹത്താൽ അമേരിക്ക എന്നും ഒരു ക്രിസ്ത്യൻ രാഷ്ട്രമായി തുടരുമെന്നും വാൻസ് കൂട്ടിച്ചേർത്തു. ”അമേരിക്കൻ ഐക്യനാടുകളുടെ നങ്കൂരമായി യഥാർത്ഥത്തിൽ സേവിക്കപ്പെടുന്ന ഒരേയൊരു കാര്യം, നമ്മൾ എന്നും ഒരു ക്രിസ്ത്യൻ രാഷ്ട്രമായിരുന്നു എന്നതാണ്, ദൈവകൃപയാൽ നമ്മൾ എപ്പോഴും ഒരു ക്രിസ്ത്യൻ രാഷ്ട്രമായിരിക്കും എന്നതാണ്”-വാൻസിൻ്റെ ഈ വാക്കുകൾ വേഗത്തിൽ ചർച്ചയാകുകയായിരുന്നു.
വാൻസിന്റെ ഈ പരാമർശങ്ങൾ “ക്രിസ്ത്യൻ നാഷണലിസം” (Christian Nationalism) പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. മാത്രമല്ല, എല്ലാ മതവിഭാഗങ്ങൾക്കും തുല്യ അവകാശമുള്ള ഒരു മതേതര രാഷ്ട്രമെന്ന അമേരിക്കയുടെ സങ്കൽപ്പത്തിന് ഇത് വിരുദ്ധമാണെന്ന് ഇവർ വാദിക്കുന്നു.
കൂടാതെ, ഹിന്ദു കുടുംബത്തിൽ വളർന്ന തന്റെ ഭാര്യ ഉഷ വാൻസ് ഭാവിയിൽ ക്രിസ്തുമതത്തിലേക്ക് മാറുമെന്ന് താൻ പ്രത്യാശിക്കുന്നതായി വാൻസ് നേരത്തെ പറഞ്ഞിരുന്നു. ഇത് മറ്റ് മതവിഭാഗങ്ങൾക്കിടയിലും പ്രത്യേകിച്ച് ഹിന്ദു അമേരിക്കൻ സംഘടനകൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായി. ഇതോടെ, താൻ ആരെയും മതം മാറാൻ നിർബന്ധിക്കുന്നില്ലെന്നും, മതസ്വാതന്ത്ര്യം എന്നത് ക്രിസ്തീയ മൂല്യങ്ങളിൽ നിന്ന് ഉണ്ടായ ഒന്നാണെന്നുമായിരുന്നു വാൻസിന്റെ നിലപാട്. അമേരിക്കൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തെ താൻ മാനിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
നിലവിൽ മതപരമായ അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ വരുമ്പോൾത്തന്നെ അദ്ദേഹത്തിൻ്റെ ഹിന്ദുവായ ഭാര്യയെക്കുറിച്ചുള്ള ചർച്ചയ്ക്കുകൂടി വഴിവെക്കുകയാണ്. അതേസമയം, വാൻ്സിൻ്റെ പ്രസ്താവനകൾ 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ചുള്ളതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു
J.D. Vance says America will always be a Christian nation, draws criticism.














