ജെയ്‌നമ്മ തിരോധാന കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ട രക്തക്കറ ജെയ്‌നമ്മയുടേതാണെന്ന് ഫൊറൻസിക് ഫലം

ചേർത്തല: കോട്ടയം അതിരമ്പുഴ ജെയ്‌നമ്മ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. പ്രതി സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മയുടേതാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.

അതേസമയം പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. എന്നാൽ കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

സെബാസ്റ്റ്യൻ പണയം വച്ചതും വിറ്റതുമായ സ്വർണാഭരണങ്ങളും ജെയ്‌നമ്മയുടേത് തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. ജെയ്‌നമ്മയുടെ ഫോൺ സിഗ്നലുകൾ ഏറ്റവും ഒടുവിൽ ലഭിച്ചത് സെബാസ്റ്റ്യന്റെ വീടിന് സമീപത്തുനിന്നായിരുന്നു. ഇതും സെബാസ്റ്റ്യനിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക തെളിവായി. ഈ ഫോൺ സെബാസ്റ്റ്യൻ ഉപയോഗിച്ചതിന്റെയും സിം റീചാർജ് ചെയ്തതിന്റേയും സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. എന്നാൽ ഫോൺ കണ്ടെത്താനായിട്ടില്ല.

2024 ഡിസംബർ 20നാണ് ജെയ്‌നമ്മയെ കാണാതായത്. ഇവർ തന്റെ സുഹൃത്തായിരുന്നുവെന്നും പ്രാർത്ഥനായോഗങ്ങളിൽവെച്ചാണ് പരിചയപ്പെട്ടതെന്നും സെബാസ്റ്റ്യൻ മൊഴിനൽകിയിരുന്നു.

More Stories from this section

family-dental
witywide