
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും അമേരിക്കയിൽ നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജയശങ്കറും യുഎസ് സെനറ്റർ മാർക്കോ റൂബിയോയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തുറന്ന ചർച്ചകൾ നടന്നു. നല്ല അന്തരീക്ഷത്തിലായിരുന്ന ഈ ചർച്ചകളിൽ ഇരു രാജ്യങ്ങളെയും ബാധിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ച് തുടർനടപടികൾക്ക് ധാരണയായി. അതേസമയം, പിയൂഷ് ഗോയൽ യുഎസ് വാണിജ്യ പ്രതിനിധി ജയ്മിസൺ ഗ്രീയറുമായും ചർച്ച നടത്തി, ഇരുവരും വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് തത്വത്തിൽ സമ്മതിച്ചു.
അധിക തീരുവയും എച്ച്1ബി വിസയുമടക്കമുള്ള വിഷയങ്ങൾ ഈ കൂടിക്കാഴ്ചകളിൽ ചർച്ചയായതായി സൂചനയുണ്ട്. കഴിഞ്ഞ 16-ന് അമേരിക്കൻ പ്രതിനിധി ഇന്ത്യയിലെത്തി നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് അമേരിക്കയിലെ ഈ സന്ദർശനം. ഇന്ത്യയിലെ ചർച്ചകളും ഫലപ്രദമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര കരാറിന്റെ തുടർചർച്ചകൾക്കായി ഇന്ത്യൻ സംഘത്തെ അമേരിക്ക ക്ഷണിച്ചതാണ് ഈ സന്ദർശനത്തിന് വഴിയൊരുക്കിയത്.