ജയ്ശങ്കര്‍ നേരിട്ട സുരക്ഷാ ലംഘനം : അപലപിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ യുകെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ ലംഘനത്തില്‍ പ്രതികരിച്ച് കേന്ദ്രം. സംഭവത്തെ വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു.

‘വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ ലംഘനം നടന്നതിന്റെ ദൃശ്യങ്ങള്‍ ഞങ്ങള്‍ കണ്ടു. വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഈ ചെറിയ സംഘത്തിന്റെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. അത്തരം ഘടകങ്ങള്‍ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെ ഞങ്ങള്‍ അപലപിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആതിഥേയ സര്‍ക്കാര്‍ അവരുടെ നയതന്ത്ര ബാധ്യതകള്‍ പൂര്‍ണ്ണമായും നിറവേറ്റുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ വിദേശകാര്യ മന്ത്രാലയം (എംഇഎ) ഒരു പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, പ്രതിഷേധങ്ങള്‍ക്കിടയിലും, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരെ സന്ദര്‍ശിച്ച് തന്റെ നയതന്ത്ര ഇടപെടലുകള്‍ തുടരുകയായിരുന്നു.

ബുധനാഴ്ചയാണ് ജയ്ശങ്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ലണ്ടനിലെ ചാത്തം ഹൗസിന് പുറത്ത് ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ പ്രകടനം നടത്തുകയായിരുന്നു. മന്ത്രി പുറത്തേക്ക് വന്ന് കാറിലേക്ക് കയറുന്നതിനിടെ ഇന്ത്യന്‍ പതാക കീറി പ്രതിഷേധക്കാരിലൊരാള്‍ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അനുനയിപ്പിച്ച് മാറ്റുകയായിരുന്നു.

More Stories from this section

family-dental
witywide