കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് മഠത്തിലെ കന്യാസ്ത്രീകള്‍ സന്യാസിനീ സമൂഹത്തിലെ അംഗങ്ങളായി തുടരാൻ തയാറാണെങ്കിൽ സഹായിക്കും: ജലന്ധർ രൂപത

കോട്ടയം: കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് മഠത്തിന്റെ മന്ദിരത്തില്‍ നിലവില്‍ താമസിക്കുന്ന കന്യാസ്ത്രീകള്‍ സന്യാസിനീ സമൂഹത്തിലെ അംഗങ്ങളായി തുടരാന്‍ തയ്യാറാകുന്നപക്ഷം അവരുടെ ചെലവുകള്‍ വഹിക്കുമെന്ന് ജലന്ധര്‍ രൂപത. അങ്ങനെയെങ്കില്‍ അവര്‍ക്ക് അര്‍ഹമായ സഹായം മദര്‍ ജനറല്‍ മുമ്പേ ഉറപ്പ് നല്‍കിയിരുന്നു. അവരുടെ മെഡിക്കല്‍ ബില്‍ തുകയും ദൈനംദിന ചെലവുകള്‍ക്കായി പ്രതിമാസം 20,000 രൂപയും നല്‍കുമെന്ന ആ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നു.

കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകൾ ഒറ്റപ്പെട്ടു എന്ന നിലയിൽ വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു രൂപത.

“ജലന്ധര്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള മഠം മന്ദിരം ഒരു കോണ്‍വെന്റായി ഉപയോഗിക്കാന്‍ മിഷനറീസ് ഓഫ് ജീസസിന് നല്‍കിയതാണ്. ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കിയ നാല് കന്യാസ്ത്രീകള്‍ അവര്‍ക്ക് ഒപ്പമുള്ള മറ്റ് കന്യാസ്ത്രീകളില്‍നിന്നും സുപ്പീരിയറില്‍നിന്നും തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് ആരോപിച്ചിരുന്നു. മറ്റുള്ളവരെ ഒഴിവാക്കി കെട്ടിടം തങ്ങളുടെ കൈവശം വെക്കാൻ അനുവദിക്കണമെന്നും അവര്‍ രൂപതയോട് അഭ്യര്‍ഥിച്ചിരുന്നു. അവരുടെ അഭ്യര്‍ഥന മാനിച്ച് ജലന്ധര്‍ ബിഷപ്പ് മറ്റുള്ളവരെ കുറവിങ്ങലങ്ങാട്ടുനിന്ന് പിന്‍വലിച്ചു. അതോടെ അത് കോണ്‍വെന്റല്ലാതായി” -രൂപതാ സെക്രട്ടറി പറയുന്നു.

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ കൊടുത്തിരിക്കുകയാണ്. കേസില്‍ കന്യാസ്ത്രീകള്‍ സാക്ഷികളായതുകൊണ്ടാണ് സംസ്ഥാനം അവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയിരിക്കുന്നത്. സാക്ഷികളെ നിലനിര്‍ത്തേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും ജലന്ധര്‍ സഭയുടെ കുറിപ്പില്‍ പറയുന്നു.

മഠം കെട്ടിടം രൂപതയുടേതായതിനാല്‍ രൂപതാ അധികൃതര്‍ എല്ലാ മാസവും വൈദ്യുതിബില്‍ അടയ്ക്കുകയും വീടിന്റെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നുണ്ട്. ചുറ്റുമുള്ള വിശാലമായഭൂമി കൃഷി ചെയ്യാനും എളുപ്പത്തില്‍ പരിപാലിക്കാനും രൂപത അവര്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ട്.

നാല് കന്യാസ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയാന്‍ ആഗ്രഹിച്ചവരാണ്. ഒറ്റപ്പെടുത്തിയെന്ന് പറയുന്നത് ശരിയല്ല. രൂപത അവരുടെ ആഗ്രഹത്തെ മാനിക്കുന്നു. പുറത്തുനിന്നുള്ളവരുടെ പിന്തുണമൂലമാണ് അവരുടെ ഈ നിലപാടെന്നുവേണം മനസ്സിലാക്കാന്‍. എന്നാല്‍ അവര്‍ അംഗങ്ങളാകാന്‍ സമ്മതിക്കുന്നപക്ഷം അവരെ സാമ്പത്തികമായി പരിപാലിക്കാന്‍ തയ്യാറാണ്. എന്തുചെയ്യണമെന്ന് അവര്‍ തീരുമാനിക്കണം.

Jalandhar Diocese statement on Missionaries of Jesus Monastery in Kuravilangad

More Stories from this section

family-dental
witywide