
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്ത്വാറിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ രണ്ട് സിഐഎസ്എഫ് ജവാൻമാർ ഉൾപ്പെടെ നാൽപ്പതിലേറെ മരണം. അപകടത്തിൽ ഇരുന്നൂറിലേറെപ്പേരെ കാണാതായിട്ടുണ്ട്. അൻപതിലധികം പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്.
പ്രദേശത്ത് എന്‍ഡിആര്‍എഫ്, എസ്ഡ് ആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥ മെച്ചപ്പെട്ടാൽ വ്യോമമാർഗ്ഗമുള്ള രക്ഷാപ്രവർത്തനവും തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കിഷ്ത്വാറിലെ ചസോതി മേഖലയിൽ മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഒരു പ്രദേശമാകെയാണ് ഒലിച്ചുപോയത്. ചസോതിയിൽ മാതാ ചണ്ഡിയുടെ ഹിമാലയൻ ദേവാലയത്തിലേക്കുള്ള തീർത്ഥാടകർക്ക് ഭക്ഷണം നൽകാൻ ഒരുക്കിയ താൽക്കാലിക ടെന്റുകളും ഒലിച്ചുപോയി.
മേഘവിസ്ഫോടനം നടന്ന സ്ഥലത്ത് ഏകദേശം 1,200 പേർ ഉണ്ടായിരുന്നുവെന്ന് ജമ്മു കശ്മീർ ബിജെപി നേതാവ് സുനിൽ ശർമ്മ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. കിഷ്‌ത്വാർ മേഖലയിലെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. പ്രദേശത്ത് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.