ജമ്മു കശ്മീരിനെ കരയിച്ച് കനത്തമഴ, ഒപ്പം മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; 10 മരണം സ്ഥിരീകരിച്ചു, മരണ സംഖ്യ ഉയരുമെന്ന് ആശങ്ക; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ജമ്മു കശ്മീരിനെ കണ്ണീരിലാഴ്ത്തി കനത്തമഴയും മേഘവിസ്ഫോടനവും മിന്നൽ പ്രളയവും. ദോഡയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 10 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മിന്നൽ പ്രളയത്തിൽ ദോഡയിൽ 4 പേരും, കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിൽ 6 പേരുമാണ് മരിച്ചത്. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യമടക്കം രക്ഷാ പ്രവർത്തനം തുടരുകയാണ്. ഒരാഴ്ചയ്ക്ക് ശേഷമുണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടിയന്തര യോഗം വിളിച്ചു. സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കാൻ അദ്ദേഹം ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് എത്തുകയും ചെയ്തു. അതീവ ജാഗ്രത പാലിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധിക ഫണ്ടുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തുടർച്ചയായ കനത്ത മഴ മേഖലയിൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി. ഇതേത്തുടർന്ന് ജമ്മു ഡിവിഷനിലെ പ്രധാന റോഡുകൾ അടച്ചു. താവി, രവി തുടങ്ങിയ നദികൾ അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുകയാണ്. കത്വ ജില്ലയിലെ ബഗ്താലി, മസോസ് പുർ, കീരിയൻ ഗാന്ധിയാൽ, ബർണി, ധന്ന, ധനോർ, കര്യാലി തുടങ്ങിയ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. കനത്ത മഴയെ തുടർന്ന് ജമ്മു നഗരത്തിൽ താവി നദി അപകടനിലയോട് അടുക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നദികളുടെയും തോടുകളുടെയും സമീപത്ത് നിന്ന് മാറിനിൽക്കാനും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മുവിൽ 81.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, കത്വയിൽ 155.6 മില്ലിമീറ്ററും ബധേർവായിൽ 99.8 മില്ലിമീറ്ററും മഴ ലഭിച്ചു.

വരും ദിവസങ്ങളിൽ ജമ്മു ഡിവിഷനിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കേന്ദ്രം സാഹചര്യം നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചു. കൂടാതെ ഹിമാചൽ പ്രദേശിലും, ഉത്തരാഖണ്ഡിലും മഴ ആശങ്കയായി തുടരുകയാണ്. മണാലിയിൽ ദേശീയപാത തകർന്ന് ​ഗതാ​ഗതം നിലച്ചു, നദിക്കരയിലെ കടകൾ ഒഴുകിപോയി. ബിയാസ് നദി അപകടകരമായ നിലയിൽ കരകവിഞ്ഞ് ഒഴുകുന്ന നിലയിലാണ്.

More Stories from this section

family-dental
witywide