
ഓപ്പണ്‍ എഐയുടെ എഐ ചാറ്റ് ബോട്ടായ ചാറ്റ്ജിപിടിയെ ഇന്ത്യക്ക് പ്രിയമെന്ന് സര്‍വ്വേഫലം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 36 ശതമാനം ഇന്ത്യക്കാരും ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുന്നുണ്ടെന്നാണു രേഖപ്പെടുത്തിയത്. കൃത്രിമബുദ്ധിയെക്കുറിച്ചുള്ള ആഗോള പൊതുജനാഭിപ്രായം അറിയാനായി ടൊറന്റോ സര്‍വകലാശാല നടത്തിയ ജിപിഒ എഐ സര്‍വേയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
ഇന്ത്യക്കാരില്‍ 36 ശതമാനം പേരും ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുന്നു. 39 ശതമാനം പേരും ആഴ്ചയില്‍ ഒരിക്കലെങ്കിലും ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരാണ്. 10 ശതമാനം പേര്‍ മാസത്തിലൊരിക്കല്‍ ഉപയോഗിക്കുമ്പോള്‍ 15 ശതമാനം പേര്‍ മാത്രമാണ് അപൂര്‍വമായി മാത്രം ചാറ്റ്ജിപിടി ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ അധികം മുന്നിലല്ലെങ്കിലും ഇന്ത്യയില്‍ ചാറ്റ് ജിപിടിയുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത 75 ശതമാനം പേരും ഐഎ ഭാവിക്ക് നല്ലതാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനു മുമ്പു നടത്തിയ ഈ സര്‍വേ റിപ്പോര്‍ട്ട് കാണിക്കുന്നത് എഐ പോലെയുള്ള ആധുനിക സാങ്കേതിക വിദ്യകളില്‍ ഇന്ത്യക്കാര്‍ക്ക് താല്‍പര്യമേറെയാണ് എന്നാണ്.
ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, അര്‍ജന്റീന, ചിലി, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്തൊനേഷ്യ, ഇറ്റലി, ജപ്പാന്‍, കെനിയ, മെക്‌സിക്കോ, പാക്കിസ്ഥാന്‍, പോളണ്ട്, പോര്‍ചുഗല്‍, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നും 1000 പേരെ വീതമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.