
ടോക്കിയോ: 2011ലെ ഫുകുഷിമ ആണവ ദുരന്തത്തിന് പിന്നാലെ അടച്ചുപൂട്ടിയ ലോകത്തിലെ ഏറ്റവും വലിയ ആണവനിലയമായ കാശിവാസാക്കി-കാരിവ പ്ലാന്റ് വീണ്ടും തുറക്കാൻ ജപ്പാന്‍റെ അനുമതി. നിലയം സ്ഥിതി ചെയ്യുന്ന നീഗറ്റ പ്രവിശ്യാ ഭരണകൂടം തിങ്കളാഴ്ചയാണ് ഇതിനുള്ള നിർണ്ണായക ബില്ലിന് അംഗീകാരം നൽകിയത്. ഫോസിൽ ഇന്ധനങ്ങളിലുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് ജപ്പാൻ്റെ ഈ നീക്കം. ഫുകുഷിമ ദുരന്തത്തിന് ശേഷം 14 വർഷത്തോളമായി ഈ പ്ലാന്റ് നിഷ്ക്രിയമായി തുടരുകയായിരുന്നു. നിലയത്തിലെ ഏഴ് റിയാക്ടറുകളിൽ ആറാമത്തേതാണ് ജനുവരി 20-ഓടെ പ്രവർത്തനക്ഷമമാക്കാൻ ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി ലക്ഷ്യമിടുന്നത്.
2011-ലുണ്ടായ ശക്തമായ ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന് ഫുകുഷിമ ഡായിച്ചി പ്ലാന്റിലുണ്ടായ ആണവ ചോർച്ചയെത്തുടർന്നാണ് ജപ്പാനിലെ 54 ആണവനിലയങ്ങളും അടച്ചുപൂട്ടിയത്. 1986-ലെ ചെർണോബിൽ ദുരന്തത്തിന് ശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഇത്. ടോക്കിയോയിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ വടക്ക് മാറി ഹോൺഷു ദ്വീപിൻ്റെ തീരത്താണ് ഈ കൂറ്റൻ നിലയം സ്ഥിതി ചെയ്യുന്നത്.
നിലയം വീണ്ടും തുറക്കുന്നതിനെതിരെ നീഗറ്റയിലെ പ്രാദേശിക നിവാസികൾക്കിടയിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്. 300-ഓളം പേർ നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ, 15 മീറ്റർ ഉയരമുള്ള സുനാമി പ്രതിരോധ ഭിത്തിയും ആധുനിക ബാക്കപ്പ് പവർ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പഴയ തെറ്റുകൾ ആവർത്തിക്കില്ലെന്നും ടെപ്‌കോ ഉറപ്പുനൽകുന്നു. 2050-ഓടെ കാർബൺ രഹിത രാജ്യമാകാൻ ലക്ഷ്യമിടുന്ന ജപ്പാൻ, 2040-ഓടെ രാജ്യത്തെ വൈദ്യുതി വിതരണത്തിൻ്റെ 20 ശതമാനവും ആണവോർജ്ജത്തിൽ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്.














