
ജപ്പാനിലെ കാമാകുര നഗരത്തിൽ നിന്നുള്ള ഒരു യുവതിയുടെ ഇൻസ്റ്റഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജപ്പാൻ നിങ്ങളുടെ തീം പാർക്ക് അല്ല… ഇത് ഇവിടെയുള്ള ആളുകൾക്ക് അവരുടെ വീടാണ്. ഇവിടെ ആളുകൾ താമസിക്കുന്നുണ്ട്. അവർ കഠിനാധ്വാനം ചെയ്തിട്ടാണ് ഈ സ്ഥലം മനോഹരമായി നിലനിർത്തുന്നത്. ഇവിടെയുള്ളതെല്ലാം അവർ വൃത്തിയായി സൂക്ഷിക്കുന്നു. അതുകൊണ്ടാണ് ഇത് സ്പെഷ്യലായി തോന്നുന്നത്… നിങ്ങൾക്ക് ജപ്പാൻ ആസ്വദിക്കാം, പക്ഷേ ഇവിടെ താമസിക്കുന്ന ആളുകളെയും സംസ്കാരത്തെയും ബഹുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ, ദയവായി ഇങ്ങോട്ട് വരരുതെന്നാണ് യുവതി തന്റെ വീഡിയോയിൽ പറയുന്നത്.
തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കാത്ത ചില സന്ദർശകർ കാരണം പ്രശ്നങ്ങൾ നേരിടുകയാണ്. ഇതൊരു ടൂറിസ്റ്റ് സ്പോട്ടല്ല, മറിച്ച് ശാന്തമായ ഒരു പ്രദേശമാണ്. പക്ഷേ, രണ്ടായിരത്തിലധികം ആളുകൾ ഇവിടം സന്ദർശിക്കുന്നുണ്ട്. ചിലപ്പോൾ അവർ മാലിന്യങ്ങൾ വലിച്ചെറിയുന്നു, പുണ്യസ്ഥലങ്ങളിൽ അതിക്രമിച്ചു കയറുന്നു, പ്രദേശത്തെ ഉദ്യാനങ്ങളിൽ മൂത്രമൊഴിക്കുന്നു, ഇത് നിങ്ങളുടെ സ്വന്തം നഗരമായിരുന്നെങ്കിലോ? മറ്റൊരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് ദയയും ബഹുമാനവും കാണിക്കാനാണ് എന്നും അങ്ങനെ ഫോട്ടോയെടുക്കുമ്പോൾ അത് ശല്ല്യമായി തോന്നില്ലയെന്നും അവൾ പറയുന്നു.
അതേസമയം, നിരവധിപ്പേരാണ് യുവതിയുടെ വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. വിനോദസഞ്ചാരികൾ എവിടെ ചെന്നാലും കുറച്ചുകൂടി ശ്രദ്ധയോടും ഉത്തരവാദിത്തത്തോടും പെരുമാറേണ്ടതുണ്ട് എന്ന് വീഡിയോയെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തി.