അണികള്‍ സൗജന്യമായി തരുന്നതുകൊണ്ട് കാശുകൊടുത്ത് അരി വാങ്ങേണ്ടി വന്നിട്ടില്ല…നാക്ക് ചതിച്ചു, ജപ്പാന്‍ കൃഷി മന്ത്രി രാജിവച്ചു

ന്യൂഡല്‍ഹി: തനിക്കൊരിക്കലും അരി വാങ്ങേണ്ടി വന്നിട്ടില്ലെന്നും അരി സമ്മാനമായി സ്വീകരിക്കാറാണ് പതിവെന്നും പറഞ്ഞ് വിവാദത്തിലായ ജപ്പാനിലെ കൃഷി മന്ത്രി ഒടുവില്‍ രാജിവെച്ചു.

വിവേകശൂന്യമായ പ്രസ്താവനയെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെ ഗത്യന്തരമില്ലാതെയാണ് ജപ്പാന്‍ കൃഷി മന്ത്രി ടാക്കു എറ്റോ ബുധനാഴ്ച രാജിവെച്ചത്.
പിന്തുണയ്ക്കുന്നവരില്‍ നിന്ന് സമ്മാനമായി അരിയാണ് താന്‍ എപ്പോഴും വാങ്ങിയിരുന്നതെന്നും ഒരിക്കലും അരി സ്വന്തമായി കാശുകൊടുത്ത് വാങ്ങിയിട്ടില്ലെന്നും കൃഷി മന്ത്രി മുമ്പ് പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ രാജ്യത്ത് വലിയതോതില്‍ വിവാദമായിരുന്നു. ജനരോഷം ആളിക്കത്തിയതോടെ സ്ഥാനമൊഴിയാന്‍ അദ്ദേഹത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.

ചെലവ് കുറയ്ക്കുന്നതിനായി ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ അടിയന്തര സംഭരണശാലകളില്‍ നിന്ന് 300,000 ടണ്ണിലധികം അരി പുറത്തിറക്കിയതിനെത്തുടര്‍ന്ന് ഉപഭോക്താക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ സഹതാപം പ്രകടിപ്പിച്ചപ്പോഴായിരുന്നു വിവാദ പരാമര്‍ശം ഉണ്ടായത്.

‘അരിവില കുതിച്ചുയരുന്നതിനാല്‍ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുന്ന ഒരു സമയത്ത് ഞാന്‍ വളരെ അനുചിതമായ ഒരു പരാമര്‍ശം നടത്തി,’ പ്രധാനമന്ത്രിയുടെ ഓഫീസില്‍ രാജി സമര്‍പ്പിച്ച ശേഷം എറ്റോ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.